സൈബർ വിദഗ്ധന്റെ വീട്ടിൽ മോഷണം; അന്തർ സംസ്ഥാന മോഷ്ടാവും കൂട്ടാളിയും പിടിയിൽ

കോഴിക്കോട് : സൈബർ വിദഗ്‌ധന്റെ വിട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച അന്തർ സംസ്ഥാന മോഷ്ടാവും കൂട്ടാളിയും പിടിയിൽ. കർണാടകം ശിവമോഗ കൊപ്പ സ്വദേശി അനിൽ കുമാർ (ഡോളർ അനി -38), കൂട്ടുപ്രതി താമരശേരി അമ്പായത്തോട് താനിക്കൽ ജെയിംസ് (57) എന്നിവരെയാണ് സിറ്റി പൊലീസിന്റെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നടക്കാവ് പൊലീസും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 24നാണ് സൈബർ ഫൊറൻസിക് വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ നിന്ന് 20 പവനോളം സ്വർണം കവർന്നത്. വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഡിസിപി പദം സിങ്ങിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ടീമും നടക്കാവ് പൊലിസും കർണാടകത്തിലും തമിഴ്‌നാട്ടിലും നടത്തിയ അന്വേഷണത്തിനൊടുവിൽ തേനിയിൽ നിന്നാണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്.

കുറ്റിക്കാട്ടൂർ, മേത്തോട്ടുതാഴം, കൽപ്പറ്റ എന്നിവിടങ്ങളിലെ വീടുകളിൽ മോഷണം നടത്തിയതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. സ്വർണം വിൽക്കാൻ അനിൽകുമാറിനെ സഹായിച്ചത് ജെയിംസായിരുന്നു. അമ്പായത്തോടുനിന്ന് ഇയാളെയും പിടിച്ചു. മുപ്പതിലധികം ഭവനഭേദന കേസുകളിൽ പ്രതിയാണ് ജെയിംസ്. സ്വർണം കണ്ടെത്താൻ പൊലീസ് നീക്കം തുടങ്ങി.

ടൗൺ അസി. കമീഷണർ കെ വി പ്രമോദൻ, നടക്കാവ് സിഐ ഷൈൻ, എസ്ഐമാരായ സി പി ലിനേഷ്, കിരൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി പി രജീഷ്, അജീഷ് പിലാശേരി, സാജിക്, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗമായ എസ്ഐ അബ്ദുറഹ്മാൻ, എഎസ്ഐമാരായ ഹാദിൽ കുന്നുമ്മൽ, അനീഷ് മുസേൻ വീട്, സീനിയർ സിപിഒമാരായ ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, സൈബർ വിദഗ്‌ധർ ഭാഗ്യദാസ്, പ്രജിത്ത് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top