
സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാവുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. കനത്ത ചൂടിന് ആശ്വാസമായെത്തുന്ന മഴ വരും ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നൽകിയിട്ടുള്ളത്. നാളെ മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച പത്തനംത്തിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ മഴ തുടരുന്നത് ചൂടിന് ആശ്വാസം ആവുമെങ്കിലും ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഉച്ചയ്ക്ക് 2 മണി മുതൽ ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലായതിനാൽ വൈദ്യുതി ഉപകരണങ്ങളും മറ്റും ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




