Section

malabari-logo-mobile

സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ ഏകീകരിക്കണം: മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം:സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ ഏകീകരിക്കണമെന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവ...

തിരുവനന്തപുരം:സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ ഏകീകരിക്കണമെന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച വിശദമായ നിവേദനം മുഖ്യമന്ത്രി കമ്മീഷനു നല്‍കി. മേഖലാധിഷ്ഠിത ഗ്രാന്റ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ ധനവിനിയോഗ മുന്‍ഗണനയെ പരിമിതപ്പെടുത്തുന്നു. അതിനാലാണ് ഏകീകരണം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേഖലാധിഷ്ഠിത ഗ്രാന്റ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ പ്രത്യേക മേഖലകളുടെ ആവശ്യം പരിഗണിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ പ്രത്യേക മേഖലകളുടെ ആവശ്യങ്ങളെക്കുറിച്ച് പ്രത്യേക നിവേദനം നല്‍കും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനം പങ്കുവയ്ക്കല്‍ 42 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോട്ടു നിരോധനവും ജി.എസ്.ടിയും സംസ്ഥാനങ്ങളുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച ധനകാര്യ കമ്മീഷന്റെ തീരുമാനം നിര്‍ണായകമാണ്. കേരളത്തിന് ലഭിക്കുന്ന കേന്ദ്ര നികുതി വിഹിതം കുറഞ്ഞു വരികയാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ ഇത് 3.5 ശതമാനമായിരുന്നു. പിന്നീട് ഓരോ കാലയളവിലും ഇത് കുറഞ്ഞു. പതിനാലാം കമ്മീഷന്റെ കാലയളവില്‍ 2.5 ശതമാനമായി. കേന്ദ്രവിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം സംബന്ധിച്ച് ഒരു അടിസ്ഥാനനില രൂപീകരിക്കേണ്ടതുണ്ട്.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും മാനവ വിഭവ വികസനത്തിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ തോത് വര്‍ദ്ധിച്ചു. ഇത്തരത്തില്‍ തോത് വര്‍ദ്ധിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും രാഷ്ട്രീയ നിശ്ചയദാര്‍ഡ്യത്തിലൂടെ സാധ്യമാണെന്ന് കേരളം തെളിയിച്ചു.വിശപ്പ് രഹിത കേരളം പദ്ധതിക്ക് കേരളം തുടക്കമിട്ടിരിക്കുകയാണ്. ഇത് വളരെ വേഗം സാധ്യമാക്കും. 45 ലക്ഷം പേര്‍ക്ക് സംസ്ഥാനം പെന്‍ഷന്‍ നല്‍കുന്നുണ്ട്. സാക്ഷരത, സ്‌കൂള്‍ പ്രവേശന തോത്, കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയല്‍, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കല്‍ എന്നിവയിലെല്ലാം കേരളം മുന്നേറിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ശരാശരി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും അന്താരാഷ്ട്ര ശ്രദ്ധ നേടിയതുമാണ്. ഒരു വര്‍ഷം മുമ്പ് തന്നെ കേരളം വെളിയിട വിസര്‍ജന മുക്ത സംസ്ഥാനമായി. തദ്ദേശസ്വയംഭരണ മേഖലയിലും അഭിമാനാര്‍ഹമായ നേട്ടം കേരളത്തിനുണ്ട്.
മാറുന്ന വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങള്‍ക്കനുസൃതമായി പൊതുസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജനസംഖ്യാപരമായ നേട്ടങ്ങള്‍ കാരണം കേരളത്തിലെ പ്രായം ചെന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. പ്രായം ചെന്നവരുടെ ആരോഗ്യ സംരക്ഷണവും ക്ഷേമ പെന്‍ഷനും സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്.
പരിസ്ഥിതി പരിഗണിച്ചു കൊണ്ടുള്ള സുസ്ഥിരവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരമേഖലയില്‍ 512 കിലോമീറ്ററില്‍ കടലാക്രമണവും മണ്ണൊലിപ്പും രൂക്ഷമാണ്. തീരമേഖലയിലെ ജനസാന്ദ്രത കണക്കിലെടുക്കുമ്പോള്‍ പ്രകൃതി ദുരന്തങ്ങളുടെ തീവ്രത രൂക്ഷമായിരിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്രമായ നയം സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. വാണിജ്യ താത്പര്യങ്ങളും പണവും ഒഴിവാക്കി കേരളത്തിലെ വനവിസ്തൃതി സംരക്ഷിക്കാനും വര്‍ദ്ധിപ്പിക്കാനുമായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ജൈവവൈവിധ്യം ഇത്തരത്തില്‍ സംരക്ഷിക്കപ്പെടുന്നു. ദേശീയ അന്തര്‍ദ്ദേശീയ താല്‍പര്യത്തിനുള്ള കേരളത്തിന്റെ സംഭാവനയാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം, ലൈഫ്, ആര്‍ദ്രം പദ്ധതികള്‍ക്കുള്ള സഹായം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കൃഷിയില്‍ നിന്നും വ്യാവസായിക ഉത്പാദനത്തിലൂടെയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പദ്ധതി നടപ്പാക്കി. രാജ്യത്തിന്റെ പുരാതന തീര, സമുദ്ര, തുറമുഖ മേഖലയുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥലങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിക്ക്  കമ്മീഷന്റെ സഹായം ആവശ്യപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കേണ്ടതുണ്ട്. ഗുണനിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതിനാല്‍ റവന്യു കമ്മി വിചാരിച്ചതുപോലെ കുറയ്ക്കാനായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിന് ആഗോള തലത്തില്‍ ശ്രദ്ധേയമായ ചില സംവിധാനങ്ങള്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്റെ വികസനം ഏറെ ആകര്‍ഷിച്ചതായി കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ. സിംഗ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ കേരള വികസനത്തില്‍ ചൂണ്ടിക്കാട്ടാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മോഡല്‍ വികസനത്തെ ചെയര്‍മാനും അംഗങ്ങളും പ്രകീര്‍ത്തിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വിശദീകരിച്ചു. മന്ത്രിമാരായ എ. കെ. ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി,
അഡ്വ. കെ. രാജു, എ. സി. മോയ്തീന്‍, മാത്യു ടി. തോമസ്, പ്രൊഫ. സി. രവീന്ദ്രനാഥ്,
വി. എസ്. സുനില്‍കുമാര്‍, ജി. സുധാകരന്‍, എം. എം. മണി, ഇ. ചന്ദ്രശേഖരന്‍, കെ. കെ. ശൈലജ ടീച്ചര്‍, കടകംപള്ളി സുരേന്ദ്രന്‍, കെ. ടി. ജലീല്‍, ജെ. മേഴ്‌സിക്കുട്ടിഅമ്മ, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!