Section

malabari-logo-mobile

കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരും: മന്ത്രി വി അബ്ദുറഹിമാന്‍

HIGHLIGHTS : State govt to continue scholarships discontinued by central govt: Minister V Abdurrahiman

കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ തുടര്‍ന്നുകൊണ്ടുപോവാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍.

മലപ്പുറം ആസൂത്രണ സമിതി ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്ന അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്റെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്താകും ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരിക. സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന വിഹിതം വെട്ടിച്ചുരുക്കിയത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തും.

sameeksha-malabarinews

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് സൗഹാര്‍ദമായി ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്. ആരാധന കര്‍മങ്ങള്‍ക്കുള്ള സ്വാതന്ത്രവും അനുകൂല സാഹചര്യങ്ങളും ഇവിടെയുണ്ട്. വിശ്വാസ പ്രമാണങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശം കൃത്യമായി നടപ്പാക്കാനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാണ്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും.

ന്യൂനപക്ഷ സമുദായമായ ബുദ്ധ, ജൈന, പാഴ്സി വിഭാഗത്തിലുള്ളവര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകും. ന്യൂനപക്ഷ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത ഉന്നത വിദ്യാഭ്യാസ-തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനുള്ള പഠിക്കാന്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ പി. ഉബൈദുല്ല എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ അംഗം എ. സൈഫുദ്ദീന്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.ടി അബ്ദുറഹ്‌മാന്‍, വിവിധ മതസംഘടനാ നേതാക്കളായ കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, എ.ജെ സണ്ണി, സി. സാംരാജ്, ഡോ. പിപി മുഹമ്മദ്, ഹുസൈന്‍ കാവനൂര്‍, ജോജി വര്‍ഗീസ്, എന്‍.കെ അബ്ദുല്‍ അസീസ്, സയ്യിദ് കെ.കെ.എസ് തങ്ങള്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, എ.ജെ ആന്റണി എന്നിവര്‍ സംസാരിച്ചു. ‘കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ആക്ട്-എന്ത് എന്തിന്’ എന്ന വിഷയത്തില്‍ കമ്മിഷന്‍ അംഗം എ. സൈഫുദ്ദീന്‍, ‘ന്യൂനപക്ഷങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍’ എന്ന വിഷയത്തില്‍ ന്യൂനപക്ഷ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. രഘുവരനും എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓപ്പണ്‍ ഫോറവും നടന്നു. ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി. റോസ സ്വഗതവും പ്രോഗ്രാം കോഡിനേറ്റര്‍ വി.പി അന്‍സാര്‍ നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!