തമിഴ്‌നാട്ടില്‍ കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം, കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയം; 17കാരനെ കാണാതായി

ചെന്നൈ: തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയം. ശക്തമായ ഒഴുക്കില്‍പെട്ടു ഒരു വിദ്യാര്‍ഥിയെ കാണാതായി. തിരുനെല്‍വേലി സ്വദേശിയും പതിനാറുകാരനുമായ അശ്വിനെ ആണ് കാണാതായത്. കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.

തമിഴ്നാട്ടിലെ നീലഗിരിയില്‍ കനത്ത മഴക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ മെയ് 20 വരെ വിനോദസഞ്ചാരികള്‍ ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. അടുത്ത മൂന്ന് ദിവസം ജില്ലയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയുള്ള സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി. ഊട്ടി കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇപാസ് നിര്‍ബന്ധമാണ്.

കാലാവസ്ഥവകുപ്പ് നാളെ ശക്തമായ മഴയാണ് നീലഗിരി ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്. അതിശക്തമായ മഴയെ തുടര്‍ന്ന് ഹില്‍സ്റ്റേഷനിലടക്കം മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top