റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ എയര്‍ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു

ദില്ലി: പൂനെ വിമാനത്താവളത്തില്‍ റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ
എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു. എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെയാണ് സംഭവം. ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ ഭാഗത്തും ലാന്‍ഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം, അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൂട്ടിയിടി ഉണ്ടായെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന്, അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.

യാത്രക്കാരെ ഉടന്‍ തന്നെ ഇറക്കി ദില്ലിയിലേക്കുള്ള മറ്റൊരു വിമാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. കൂട്ടിയിടിയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ഡിജിസിഎ അറിയിച്ചു. വിമാനം നിലത്ത് ചലിപ്പിക്കാന്‍ ഉപയോഗിച്ച ടഗ് ട്രക്ക് വിമാനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്താണ് അപകട കാരണമെന്ന് അന്വേഷിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, വിമാനത്താവളത്തില്‍ റണ്‍വേയുടെ പ്രവര്‍ത്തനം പുന:രാരംഭിച്ചു. അപകടത്തില്‍ പെട്ട വിമാനം അറ്റകുറ്റപണികള്‍ക്ക് ശേഷം സര്‍വീസ് നടത്താന്‍ യോഗ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top