പുതിയ കാലഘട്ടത്തിലെ അറിവുകളും സാങ്കേതികവിദ്യകളും എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവിനെ കുത്തകവല്‍ക്കരിക്കുന്നതിനെതിരെ രൂപംകൊണ്ട സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്ന ആശയത്തിന് വലിയ പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന നാടാണിത്. ഇന്റര്‍നെറ്റ് അവകാശമാക്കിയ ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും യഥാര്‍ത്ഥ്യമാക്കിയ സംസ്ഥാനവും കേരളമാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലും സ്മാര്‍ട്ട് ക്ലാസുകളുള്‍പ്പെടെ ഡിജിറ്റല്‍ വിദ്യാഭ്യാസരംഗത്ത് അതുല്യമായ നേട്ടങ്ങള്‍ നമ്മുടെ സംസ്ഥാനം കൈവരിച്ചു കഴിഞ്ഞു. സാര്‍വത്രികമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കെ ഫോണ്‍ പദ്ധതി നടപ്പാക്കിയത്. ഇന്നത് ലോകശ്രദ്ധയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. മാറുന്ന കാലത്തിനനുസരിച്ച് അറിവിന്റെ സ്വതന്ത്ര്യവും സാര്‍വത്രികമായ ലഭ്യതയും ഉറപ്പാക്കാനുള്ള ഇടപെടലുകള്‍ നടത്തിയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് സര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകള്‍. അതേസമയം നൂതന സാങ്കേതികവിദ്യകളെ സര്‍ക്കാര്‍സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനു ഉപയോഗപ്പെടുത്തി സമ്പൂര്‍ണ്ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
വിജ്ഞാന സ്വാതന്ത്ര്യമെന്നത് ഇക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. നൂതന സാങ്കേതികവിദ്യ വേഗത്തില്‍ വളരുന്ന ഈ കാലഘട്ടത്തില്‍ പല അറിവുകളും ചില പ്രത്യേക വിഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അത് സുസ്ഥിരവികസന കാഴ്ചപ്പാടുകളെത്തന്നെ പിന്നോട്ടടിപ്പിക്കുന്നു. അറിവ് മാനവരാശിയുടെ മുന്നേറ്റത്തിനുള്ള പൊതുവായ ആയുധമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അതിന് വിരുദ്ധമായ നിലയാണ് ഇതിലൂടെ ഉണ്ടാകുന്നത്. അറിവിനെ കൊള്ളലാഭം കൊയ്യാനുള്ള ഉപാധിയാക്കുന്ന പ്രവണതയാണിത്. പലരും പുറന്തള്ളപ്പെട്ടു പോകുന്ന ഈ അവസ്ഥയുടെ നേരെ എതിര്‍ ദിശയിലാണ് ഫ്രീഡം ഫെസ്റ്റ് സഞ്ചരിക്കുന്നത്. വിജ്ഞാന സ്വാതന്ത്ര്യം എന്ന ആശയത്തിന് മികച്ച രീതിയിലുള്ള സ്വീകാര്യതയാണ് നമ്മുടെ നാട്ടില്‍ ലഭിച്ചിട്ടുള്ളത്. അതിന് പല കാരണങ്ങളുണ്ട്. ലോകത്ത് നടക്കുന്ന ഏത് പുരോഗമനകാര്യവും വളരെ വേഗം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ് കേരളീയര്‍. നൂതന സാങ്കേതിക വിദ്യയുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. എന്നാല്‍ ആധുനിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിനും അവ പ്രയോഗിക്കുന്നതിനും നമുക്ക് സാമ്പത്തികവും സ്ഥല സംബന്ധവുമായ ചില പരിമിതികളുണ്ട്. അവയെ എപ്രകാരം മറികടക്കാമെന്ന ചിന്തയാണ് സ്വതന്ത്രസോഫ്റ്റ്വെയര്‍ പോലെയുള്ള ആശയത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേരളത്തിന് പ്രോത്സാഹനമായത്.
ഇത്തരത്തില്‍ നൂതന സാങ്കേതിക വിദ്യയോടും അറിവിന്റെ സാര്‍വത്രികമായ വിതരണത്തോടും കേരളസമൂഹത്തിന്റെ ആഭിമുഖ്യത്തെ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഫ്രീഡം ഫെസ്റ്റ് പോലുള്ള പരിപാടികള്‍ ഉതകും. വിജ്ഞാന സ്വാതന്ത്ര്യം സാധ്യമാകണമെങ്കില്‍ അറിവിന്റെ ഉല്പാദനത്തിലും പ്രയോഗത്തിലും വിതരണത്തിലും പൊതുജന സ്പര്‍ശിയായ ഇടപെടലുകള്‍ ഉണ്ടാകണം. ക്ലാസ് മുറികളെ കേവലം അറിവിന്റെ വിതരണ കേന്ദ്രങ്ങള്‍ മാത്രമാക്കാതെ, അറിവ് സൃഷ്ടിക്കുന്ന ഇടങ്ങള്‍ ആയിക്കൂടി മാറ്റുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്വതന്ത്രവിജ്ഞാനം പ്രയോജനപ്പെടുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ നമ്മുടെ സ്‌കൂളുകളിലേക്ക് എത്തി എന്നത് ശ്രദ്ധേയമാണ്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് 2000 സ്‌കൂളുകളില്‍ 9000 ഓപ്പണ്‍ ഹാര്‍ഡ്വെയര്‍ അധിഷ്ഠിത റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കിയത്. അത് 12 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗം വരെ നൂതനമായ അറിവുകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 3,500 കോടി രൂപയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബജറ്റാണ് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത്. സര്‍വകലാശാലകളിലും ഇതര ഗവേഷണ സ്ഥാപനങ്ങളിലും നടത്തുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഗവേഷകര്‍ക്ക് ഉണ്ടാകും. അതോടൊപ്പം പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും പ്രോത്സാഹിപ്പിക്കുകയാണ്. നാടിന്റെ വികസനത്തിന് സഹായകമാകുംവിധം ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നവകേരള പോസ്റ്റ് ഡോക്ടര്‍ ഫെലോഷിപ്പുകളും നല്‍കുന്നു. ഗവേഷണ രൂപരേഖ സമര്‍പ്പിച്ച 77 പേര്‍ക്ക് ഇതിനോടകം ഫെലോഷിപ്പ് നല്‍കി കഴിഞ്ഞു. നവകേരളസങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ ഉപകരിക്കുന്ന ഗവേഷണഫലങ്ങള്‍ ഈ പദ്ധതികളിലൂടെ ലഭിക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രോജക്റ്റുകള്‍ ഉണ്ടാകണം. അതിന് യുവ ഗവേഷകര്‍ക്ക് മതിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും ആവശ്യമെങ്കില്‍ ഗവേഷണ ശില്പശാലകള്‍ സംഘടിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിനെല്ലാം പുറമേ ഗവേഷണ ഫലങ്ങളെ പൊതുസമൂഹത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള ട്രാന്‍സ്ലേഷനല്‍ റിസര്‍ച്ച് ലാബുകളും ഒരുക്കി വരികയാണ്. 10 സര്‍വകലാശാലകളില്‍ 200 കോടി രൂപ ചെലവഴിച്ചാണ് ഇത് സജ്ജമാക്കുന്നത്. ഇത്തരത്തില്‍ അറിവിന്റെ ഉല്‍പാദനവും സാര്‍വത്രികമായി വിതരണവും സാധ്യമാക്കി ഒരു വൈജ്ഞാനിക നൂതനത്വ സമൂഹം സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുവേണ്ട ഭൗതികസാഹചര്യങ്ങളും ഡിജിറ്റല്‍ സൗകര്യങ്ങളും ഒരുക്കുന്നതിനായി മികച്ച രീതിയില്‍ത്തന്നെ സര്‍ക്കാര്‍ ഇടപെടും.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 76-ാം വാര്‍ഷികം ആഗസ്റ്റ് 15 ന് ആഘോഷിക്കുകയാണ്. എല്ലാവര്‍ക്കും അനുഭവഭേദ്യമാകുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ത്ഥവത്താകുന്നത്. ശാസ്ത്രസാങ്കേതികവിദ്യ, ഡിജിറ്റല്‍സങ്കേതങ്ങള്‍ പൊതുസേവനങ്ങള്‍ എന്നിവയെല്ലാം മൂഹത്തിലെ എല്ലാവര്‍ക്കും പ്രാപ്യമാകമെന്നും അതാണ് സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു, വി.കെ പ്രശാന്ത് എം.എല്‍.എ, ഫ്രീഡം ഫെസ്റ്റ് അക്കാദമിക സമിതി ചെയര്‍മാന്‍ ടി.എം തോമസ് ഐസക്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, തിരുവനന്തപുരം നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യ എസ് എസ്, കൈറ്റ് വിക്ടേഴ്സ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, കാന്താരി ബ്രെയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക സബ്രിയെ ടെന്‍ബര്‍ക്കന്‍, യുണിസെഫ് സാമൂഹിക നയവിദഗ്ധ പിയുഷ് ആന്റണി, ഡി എ കെ എഫ് ജനറല്‍ സെക്രട്ടറി ടി ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




