തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍സി പരീക്ഷ ഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍സെക്കണ്ടറി ഫലം മെയ് 25 നും എത്തും. 4,19,362 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂര്‍ണ്ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. വേനല്‍ കണക്കിലെടുത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 9.30 മുതലാണ് ഈ വര്‍ഷം നടത്തിയത്.
പ്ലസ് വണ്‍ സീറ്റ് പുനഃക്രമീകരണത്തിനായി പുതിയ കമ്മിറ്റി ഏര്‍പ്പെടുത്തും. ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഒന്ന്, പ്രീപ്രൈമറി ക്ലാസുകളിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്‌സ് എല്‍.പി സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിക്ക നിര്‍വഹിക്കും. മറ്റ് മന്ത്രിമാര്‍ അതാത് ജില്ലകളില്‍ പങ്കെടുക്കും. പ്രാദേശികതലത്തില്‍ പ്രവേശനോത്സവം ഭംഗിയാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്. ഈ വര്‍ഷം അക്കാദമിക മികവില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ കൂടുതല്‍ ശ്രദ്ധനല്‍കുമെന്നും സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു.
80 ശതമാനം പാഠപുസ്തകങ്ങളും കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യൂണിഫോം വിതരണവും ഏതാണ്ട് പൂര്‍ത്തിയായി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ക്രമീകരണങ്ങളും മെയ് 27-ന് മുന്‍പുതന്നെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




