കായിക മത്സരങ്ങളിലെ ജയ പരാജയങ്ങള്‍ക്കപ്പുറത്തു ആരോഗ്യമുള്ള ശാരീരിക വിദ്യാഭ്യാസം നല്‍കുക എന്നതായിരിക്കണം പരിശീലകരുടെ പ്രധാന ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയോടനുബന്ധിച്ചു ട്രെയിന്‍ ദി ട്രെയിനേഴ്‌സ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കായിക താരങ്ങള്‍ക്ക് ശാരീരികക്ഷമത പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. അതിനാല്‍ സ്പോര്‍ട്സ് സൈക്കോളജി പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. നല്ല കായികതാരങ്ങളെ വാര്‍ത്തെടുക്കുക എന്നാല്‍ സത്യസന്ധതയും നേതൃഗുണവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ്. ആ നിലയ്ക്ക് രാഷ്ട്ര നിര്‍മാണ പ്രക്രിയ കൂടിയാണ് പരിശീലകര്‍ ചെയ്യുന്നത്.
കായിക മേഖല എന്നത് രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറമാണ്. രാജ്യാന്തര സഹകരണം കായിക പരിശീലന രംഗത്ത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ടോപ്സ് സി.ഇ.ഒ. കമാന്‍ഡര്‍ പുഷ്‌പേന്ദ്ര ഗാര്‍ഗ്, മുന്‍ റയല്‍ മാഡ്രിഡ് താരം അലക്സാന്ദ്രോ ലാറോസ, ഗ്ലോബല്‍ ഫുട്ബോള്‍ ഡെവലപ്പ്മെന്റ് മാനേജര്‍ പോള്‍ വോസ്‌നെ, ഇന്ത്യന്‍ അത്ലറ്റിക്സ് ഡെപ്യൂട്ടി ചീഫ് കോച്ച് എം.കെ. രാജ്‌മോഹന്‍, മുന്‍ കായിക താരം കെ.സി. ലേഖ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




