മനാമ : ബഹറൈനിലെ പബ്ലിക് സ്‌കുളുകളില്‍ പ്രവാസികളുടെ കുട്ടികള്‍ക്ക് പ്രത്യേക ഫീസ് ചുമത്താനുള്ള ബില്‍ പാര്‍ലിമെന്റ് തള്ളി. പ്രവാസികളുടെ കുട്ടികള്‍ക്ക് 400 ബഹറൈന്‍ ദിനാര്‍
ചുമത്താനുള്ള നീക്കമാണ് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നുവെച്ചത്. പാര്‍ലിമെന്റില്‍ ഭുരിപക്ഷം എംപിമാരും ബില്ലിനെ എതിര്‍ത്തു.
ജലാല്‍് ഖാദിം എംപി അവതരിപ്പിച്ച ബില്ലിന്‍മേല്‍ ഗൗരവമേറിയ വാദപ്രതിവാദങ്ങളാണ് നടന്നത് .സൗജന്യവിദ്യഭ്യാസം കുട്ടികളുടെ മൗലികമായ അവകാശമാണെന്നും, ഇത്തരം തീരുമാനങ്ങള്‍ എടുത്താല്‍ അത് അന്താരാഷ്ട്രതലത്തില്‍ ബഹറൈന്റെ യശസ്സിടിക്കുമെന്നും ചില എംപിമാര്‍ അഭിപ്രായപ്പെട്ടു. സൗജന്യവിദ്യഭ്യാസത്തിന്റെ മുന്‍ഗണന രാജ്യത്തെ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്നായിരുന്നു ഒരു ന്യുനപക്ഷം വാദിച്ചത്. ബില്‍ അവതിരിപ്പിച്ച ഖാദിം ചില പ്രവാസികള്‍ക്ക ഏഴു കുട്ടികള്‍ വരെയുണ്ടെന്നും ഇവര്‍ പബ്ലിക് സ്‌കൂളില്‍ സൗജന്യമായി പഠിക്കുമ്പോള്‍ ബഹറൈന്‍ പൗരന്‍മാരുടെ കുട്ടികള്‍ സ്വകാര്യസ്‌കുളില്‍ പണം മുടക്കി പഠിക്കേണ്ട ഗതിയാണെന്നും അഭിപ്രായപ്പെട്ടു.
നിലവില്‍ ബഹറൈനില്‍ പ്രൈമറി, ഇന്റര്‍ മീഡിയേറ്റ് തലത്തില്‍ പബ്ലിക് സ്‌കുളുകളില്‍ സൗജന്യവിദ്യഭ്യാസമാണ് നല്‍കിവരുന്നത്.




