Section

malabari-logo-mobile

വിദേശ നിക്ഷേപം പുതിയ കെട്ടുകഥ; ഷാർജ ഷെയ്ഖിനെ ഒറ്റയ്ക്ക് ഇതുവരെ കണ്ടിട്ടില്ല: സ്പീക്കർ

HIGHLIGHTS : Foreign investment is a new myth; I have never seen Sharjah Sheikh alone: Speaker

തിരുവനന്തപുരം : മാധ്യമങ്ങളില്‍ ‘മൊഴി’ എന്ന പേരില്‍ വന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. രാഷ്ട്രീയ താല്‍പ്പര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ ഇടയ്ക്കിടെ പലതും പുറത്തുവിടുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നുമുള്ളതായി പറയുന്ന മൊഴി തീര്‍ത്തും അടിസ്ഥാനവിരുദ്ധമാണ്. ഇക്കാര്യം ആര്‍ക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്.

ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീര്‍ അഹമ്മദിനെ പരിചയമുണ്ട്. പ്രവാസികളായ ഇത്തരം പലരേയും കാണാറുണ്ട്. സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്റെ പേരില്‍ അവിടെയെല്ലാം നിക്ഷേപം ഉണ്ടെന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമാണ്. ഷാര്‍ജാ ഷെയ്ഖിനെ കേരളത്തില്‍നിന്നോ പുറത്തുനിന്നോ ഒറ്റയ്ക്ക് ഒരിക്കലും കണ്ടിട്ടില്ല. കേരള സന്ദര്‍ശന വേളയില്‍ ഔദ്യോഗികമായ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു എന്നത് ഒഴിച്ചാല്‍ മറ്റൊന്നും ഉണ്ടായിട്ടില്ല.

sameeksha-malabarinews

മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്ന പ്രതിയായ ഒരാള്‍ ഇതിനകം എട്ട് മൊഴി നല്‍കിയതായാണ് അറിയുന്നത്. പുതിയ കെട്ടുകഥകള്‍ ഉണ്ടാക്കുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് അന്വേഷിക്കണം. ഏത് അന്വേഷണത്തിനും തയ്യാറാണ്. അത് സത്യസന്ധവും നിയമപരവുമായിരിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകള്‍ ചമച്ച് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിനുവേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ലെന്നും പൊതുജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!