വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താൻ സൈനികന്റെ കൊട്ടേഷൻ

വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താൻ ഒരു ലക്ഷം രൂപയ്ക്ക് സൈനികന്റെ കൊട്ടേഷൻ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ കൊട്ടേഷൻ സംഘത്തിലെ ഏഴു പേരെ കൊല്ലം കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

യുവതികളുടെ മറ്റൊരു സുഹൃത്തായ സൈനികനാണ് കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി വെള്ളാമ്പൽ വീട്ടിൽ അമ്പാടിയെ കൊലപ്പെടുത്താൻ ഒരു ലക്ഷം രൂപയുടെ കൊട്ടേഷൻ ക്രിമിനൽ സംഘത്തിന് നൽകിയത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് തഴവ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ വിഷ്ണു, വവ്വാക്കാവ് സ്വദേശി അലി ഉമ്മർ , കുലശേഖരപുരം സ്വദേശികളായ മണി, നബീൽ, ചങ്ങംകുളങ്ങര സ്വദേശികളായ ഗോകുൽ, ചന്തു, തൊടിയൂർ സ്വദേശി മുഹമ്മദ് ഫൈസൽ ഖാൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി ഉച്ചയ്ക്കുശേഷം കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി വെള്ളാമ്പൽ വീട്ടിൽ അമ്പാടിയെ കൊട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു. വീട്ടിൽ നിന്ന് വിളിച്ചിറക്കി മാരകായുധങ്ങളുമായി കയ്യിലും തലയിലും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടത്തി. എന്തിനാണ് ആക്രമിക്കപ്പെട്ടത് എന്നറിയാതെ സ്റ്റേഷനിൽ പരാതിയുമായെത്തിയ അമ്പാടിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് യുവതികളുമായി വഴക്ക് ഉണ്ടായ കാര്യം വെളിപ്പെടുത്തിയത്.

സൈനികനായ കരുനാഗപ്പള്ളി വവ്വാകാവ് ഭഗവതിമുക്ക് സ്വദേശിയായ സന്ദീപിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top