Section

malabari-logo-mobile

സൗര പുരപ്പുറ സോളാര്‍ പദ്ധതി: കരാര്‍ ഒപ്പിട്ടു;പവര്‍ കട്ട് ഉണ്ടാവില്ലെന്ന് മന്ത്രി

HIGHLIGHTS : സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗര പദ്ധതിയില്‍ 35 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി എം...

സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗര പദ്ധതിയില്‍ 35 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി എം. എം. മണിയുടെ സാന്നിധ്യത്തില്‍ കെ. എസ്. ഇ. ബി. യും ടാറ്റാ സോളാര്‍ പവറും കരാര്‍ ഒപ്പിട്ടു. ടാറ്റാ സോളാര്‍ പവറിന്റെ പ്രതിനിധി രവീന്ദര്‍ സിംഗും സൗരപദ്ധതിയുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ നാസറുദ്ദീനുമാണ് കരാര്‍ ഒപ്പുവച്ചത്.

ജൂണ്‍ മാസം വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ലഭ്യമാണെന്നും ഇത്തവണ പവര്‍ കട്ട് ഉണ്ടാവില്ലെന്നും തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കൂടംകുളം പവര്‍ ഹൈവേ ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. ഏതെങ്കിലും ഘട്ടത്തില്‍ അടിയന്തരമായി വൈദ്യുതി വാങ്ങേണ്ടി വന്നാല്‍ സംസ്ഥാനത്തിന് ഈ ലൈന്‍ പ്രയോജനപ്പെടുത്താനാവും. പുനലൂര്‍ തൃശൂര്‍ പവര്‍ ഹൈവേയില്‍ 1.2 കിലോമീറ്റര്‍ മാത്രമാണ് ഇനി കേബിളിടാനുള്ളത്. ഇടുക്കിയില്‍ രണ്ടാം നിലയം പരിഗണനയിലാണെന്നും ഇതിന്റെ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആയിരം മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. നിലവില്‍ 200 മെഗാവാട്ടില്‍ താഴെയാണ് ഉത്പാദനം. ഇപ്പോള്‍ കരാറായ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 46.5 മെഗാവാട്ട് സോളാര്‍ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ടാറ്റാ സോളാര്‍ പവറിന് പുറമെ കേരള കമ്പനിയായ ഇന്‍കെല്‍ അഞ്ച് മെഗാവാട്ട് വൈദ്യുതിയും വാരി പ്രൈവറ്റ് ലിമിറ്റഡ് 6.5 മെഗാവാട്ടും ഉത്പാദിപ്പിക്കുന്നതിന് സംവിധാനം ഒരുക്കും. എ. ഡി. ബിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടത്തുന്നത്. ഗാര്‍ഹിക മേഖലയില്‍ 23 ഉം സ്വകാര്യ മേഖലയില്‍ 14ഉം സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ 9.5 മെഗാവാട്ടും വൈദ്യുതിയാവും ഉത്പാദിപ്പിക്കുക.
പുരപ്പുറ സോളാര്‍ പദ്ധതിലൂടെ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ ഡാമുകളിലെ ഫ്ളോട്ടിംഗ് സോളാര്‍ പാനലുകളിലൂടെ 500 മെഗാവാട്ടും ഉത്പാദിപ്പിക്കും. ഇടുക്കി ഡാമില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍. ടി. പി. സി പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ 400 മെഗാവാട്ട് ഉത്പാദനം സാധ്യമാകുമെന്നാണ് കരുതുന്നത്. ബാണാസുരസാഗര്‍ ഡാമില്‍ നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പാനല്‍ സ്ഥാപിച്ചിരുന്നു. കാസര്‍കോട് പൈവെളികയിലെ 55 മെഗാവാട്ട് സോളാര്‍ പാര്‍ക്ക്, കായംകുളത്ത് എന്‍.ടി.പി.സിയുമായി ചേര്‍ന്ന് 92 മെഗാവാട്ട് ഫ്ളോട്ടിംഗ് സോളാര്‍, വെസ്റ്റ് കല്ലടയില്‍ എന്‍. എച്ച്. പി. സിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന 50 മെഗാവാട്ടിന്റെ ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
സൗരപദ്ധതിയുടെ ഭാഗമായുള്ള പുരപ്പുറ സോളാര്‍ പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്ന 2,78,264 പേരില്‍ 42500 പേരാണ് ആദ്യഘട്ടത്തിലെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതെന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

ഊര്‍ജ സെക്രട്ടറി ഡോ. ബി. അശോക്, കെ. എസ്. ഇ. ബി ചെയര്‍മാന്‍ ആന്റ് എം. ഡി എന്‍. എസ്. പിള്ള, വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!