Section

malabari-logo-mobile

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് പദ്ധതി: മന്ത്രി എം വി ഗോവിന്ദന്‍

HIGHLIGHTS : Smart Garbage App Project for Waste Disposal: Minister MV Govindan

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന് ആവശ്യമായ വെബ് ബേയ്സഡ് പ്രോഗ്രാം തയ്യാറാക്കി മോണിറ്റര്‍ ചെയ്യുന്നത് കെല്‍ട്രോണാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 300 ഗ്രാമപഞ്ചായത്തുകളിലും 6 കോര്‍പ്പറേഷനുകളിലും 70 മുനിസിപ്പാലിറ്റികളിലും മൊബൈല്‍ ആപ്പ് സജ്ജമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്വസ്തുക്കള്‍ എത്രയെന്നും, അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും മാനേജ് ചെയ്യാനും സാധിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക.

sameeksha-malabarinews

ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപ്പില്‍ ലഭ്യമാകുന്നതിലൂടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങള്‍ക്കും മാലിന്യ ശേഖരണ, സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മനസിലാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. സ്മാര്‍ട്ട് ഗാര്‍ബ്ബേജ് മൊബൈല്‍ ആപ്പ് പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായാല്‍ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഹരിതകര്‍മ്മ സേനകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍, ഓഫീസ് ആവശ്യത്തിനുള്ള ലാപ്ടോപ് തുടങ്ങിയ ലഭ്യമാക്കാനും കെല്‍ട്രോണിനുള്ള സര്‍വീസ് ചാര്‍ജ്ജ് നല്‍കുന്നതിനും ഫണ്ട് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!