പെൺകുട്ടിയുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർത്ത് സി.പി.എം, ബില്ലിനെ പാർട്ടി പിന്തുണക്കില്ലെന്ന് സീതാറാം യെച്ചൂരി

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് പാർട്ടി എതിർക്കുമെന്ന് വ്യക്തമാക്കി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് 18 വയസ്സ് പൂർത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ള അയാൾക്കൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പു നൽകുന്നത്. പ്രായപരിധി ഉയർത്തുന്നത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. നിയമപരമായ വിവാഹത്തിന് 21 വയസ്സ് പൂർത്തിയാക്കണമെന്നതല്ലാതെ എന്ത് മാറ്റമാണ് ഈ നിയമത്തിലൂടെ കൊണ്ടുവരാൻ കഴിയുക എന്ന് സർക്കാർ വ്യക്തമാക്കട്ടേയെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

18 വയസ്സ് തികഞ്ഞാൽ പ്രായപൂർത്തിയായ വ്യക്തിയായി കണക്കാക്കുമെന്നിരിക്കെ ഇതിൽ ലിംഗസമത്വം ആയി ബന്ധപ്പെട്ട എന്ത് കാര്യമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച് കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം എന്ന് കേന്ദ്ര വൃത്തങ്ങൾ പറയുന്നു എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അതിന് പോഷകാഹാരക്കുറവ് പോലുള്ള പ്രശ്നങ്ങൾ ആണ് പരിഹരിക്കേണ്ടതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ഇത്തരം നീക്കങ്ങൾ ഗുണം ചെയ്യില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിൻറെ നിലപാട് അറിഞ്ഞശേഷം പാർലമെൻറിൽ നിയമത്തെ എതിർക്കുക ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top