ആശുപത്രികള്‍ക്ക് എസ്ഐഎസ്എഫ് കാവല്‍ ; ആലോചന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സംസ്ഥാന വ്യവസായ സുരക്ഷാ സേന(എസ്‌ഐഎസ്എഫ്)യുടെ കാവലേര്‍പ്പെടുത്താന്‍ പൊലീസില്‍ ആലോചന. ആശുപത്രികള്‍ക്ക് എസ്ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെയും കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. സുരക്ഷാ പ്രോട്ടോക്കോളുണ്ടാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തുകയാണ് പൊലീസിന്റെ പ്രാഥമിക ചുമതല. നിലവില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളും ദേശസാല്‍കൃത ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഗവ. സ്ഥാപനങ്ങള്‍ക്കും എസ്ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്താറുണ്ട്.

പുതിയ സാഹചര്യത്തില്‍ ആശുപത്രികളില്‍ എസ്ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നത് ഗുണകരമായിരിക്കുമെന്നാണ് ഉന്നത പൊലീസുദ്യോഗസ്ഥരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലും ആശുപത്രികളില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

ആശുപത്രികളിലെ സുരക്ഷാ പ്രോട്ടോക്കോള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. നിലവില്‍ അറസ്റ്റിലായ പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ നിലവിലുണ്ട്. ഇത് പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ അടുത്തുവേണം പരിശോധന നടത്താന്‍. പ്രതിയെ ഹാജരാക്കുന്ന പൊലീസുകാര്‍ പരിശോധനാ സമയത്ത് അല്‍പം മാറി നില്‍ക്കുന്നതാകും ഉചിതം. പ്രതിക്കും ഡോക്ടര്‍ക്കുമിടയില്‍ ആവശ്യമായ സൗകര്യമുണ്ടാക്കുന്നതിനാണിത്. അതേസമയം, പ്രതി രക്ഷപെടാനുള്ള സാഹചര്യം ഒഴിവാക്കുകയും വേണം. പ്രതി സ്ത്രീയെങ്കില്‍ പരിശോധനയ്ക്കും വനിതാ ഡോക്ടറാണ് ഉചിതം തുടങ്ങിയ കാര്യങ്ങളാണ് പ്രോട്ടോക്കോളില്‍ പറയുന്നത്. അറസ്റ്റിലായ വ്യക്തിയുടെ കാര്യത്തില്‍ മാത്രമാണ് നിലവില്‍ പ്രോട്ടോക്കോള്‍ ബാധകം.

വന്ദന കൊലക്കേസിന്റെ സാഹചര്യത്തില്‍ ലഹരിക്കടിപ്പെട്ട പരാതിക്കാരനെ കൊണ്ടുവരുമ്പോഴും സുരക്ഷാ പ്രോട്ടോക്കോള്‍ ഉറപ്പാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. ഇക്കാര്യങ്ങള്‍കൂടി പരിഗണിച്ചാകും പുതിയ പ്രോട്ടോക്കോള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top