Section

malabari-logo-mobile

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും ; മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം : പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറ...

തിരുവനന്തപുരം : പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി മലയാളികളുമായി മാസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ആശയവിനിമയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ തദ്ദേശസ്ഥാപനത്തിലെയും പ്രവാസികളുടെ പട്ടിക തയാറാക്കി അവരുടെ യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവഴി നാട്ടിലെ പദ്ധതികളില്‍ പ്രവാസികള്‍ക്ക് സഹകരിക്കാന്‍ കഴിയും. നാടും പ്രവാസികളുമായുള്ള ബന്ധം ഇതിലൂടെ ശക്തമാകും .വികസനപദ്ധതികള്‍ക്ക് 15 ഏക്കര്‍ എന്ന സ്ഥലപരിധി തടസ്സമായി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമായ ഇളവിന്റെ കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായി ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. യൂണിവേഴ്‌സിറ്റികളിലും കലാലയങ്ങളിലും വലിയതോതില്‍ അടിസ്ഥാനസൗകര്യങ്ങളും ഫാക്കല്‍റ്റിയും വിപുലമാക്കും.

sameeksha-malabarinews

സംസ്ഥാനത്ത് കോഴ്‌സുകള്‍ ലഭ്യമാകാത്തതിനാല്‍ പുറത്തുപോയി പഠിക്കേണ്ടിവരുന്ന അവസ്ഥ മാറ്റും. മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വളര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്.
ടൂറിസം മേഖലയുടെ അഭിവൃദ്ധിക്കായി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുള്‍പ്പെടെയുള്ള പ്രത്യേക സംവിധാനങ്ങള്‍ വേണമെന്നതിന്റെ സാധ്യതയും പരിശോധിക്കും.

മെഡിക്കല്‍ ടൂറിസം രംഗത്തെ സാധ്യതകള്‍ കേരളം ഉപയോഗപ്പെടുത്തുന്നത് ഗൗരവമായി പരിശോധിക്കും. ആരോഗ്യരംഗത്ത് പോഷകക്കുറവും വളര്‍ച്ചക്കുറവും വിളര്‍ച്ചയും പരിഹരിക്കാന്‍ നടപടിയുണ്ടാകും. കേരളത്തില്‍ മരുന്നുനിര്‍മാണ യൂണിറ്റുകള്‍ക്ക് നല്ല സാധ്യതയുണ്ട്.വിപുലമായ മെഡിക്കല്‍ ഹെല്‍പ്പ്‌ലൈന്‍ വേണമെന്ന ആശയവും പരിഗണിക്കും. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ട്രീറ്റ്‌മെന്റ് സൗകര്യം ഒരുക്കിയിരുന്നു.
കേരളത്തിലെ നദികളുടെ വെള്ളം ശുദ്ധമാക്കി നിലനിര്‍ത്താനുള്ള നടപടികള്‍ ഹരിതകേരളം മിഷന്റെ ഉള്‍പ്പെടെ ഭാഗമായി തുടരും. ഇതിനു പ്രാമുഖ്യം തുടരുന്നതിനൊപ്പം കുടിവെള്ള പദ്ധതികളും ആലോചിക്കും. ഭൂമി തരിശുകിടക്കാതെ കൃഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. എല്ലാം വീടുകളിലും ശുദ്ധജലം ടാപ്പിലൂടെ ലഭ്യമാക്കുന്ന വലിയ മാറ്റമാണ് നടപ്പാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് രംഗവുമായി ബന്ധപ്പെട്ട വികസനവും പരിഗണനയിലുണ്ട്.

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന തൊഴില്‍ സംസ്‌കാരം സംസ്ഥാനത്ത് വന്നിട്ടുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഇ-ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

പ്രവാസി മലയാളികളായ എം.എ യൂസഫലി, ഡോ. രവി പിള്ള, ഡോ: എം. അനിരുദ്ധന്‍, ഡോ: ആസാദ് മൂപ്പന്‍, സി.വി. റപ്പായി, ജയകൃഷ്ണന്‍ കെ. മേനോന്‍, ഒ.വി. മുസ്തഫ, പി. മുഹമ്മദലി, അദീബ് അഹമ്മദ്, ഗിരി നായര്‍, ഡോ: മോഹന്‍ തോമസ്, കെ. ബാബുരാജ്, സെലസ്റ്റീന്‍ വെട്ടിക്കല്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായും നേരിട്ടും ആശയവിനിമയത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: കെ. ഇളങ്കോവന്‍ സ്വാഗതം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!