Section

malabari-logo-mobile

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ക്കൂലി കുത്തനെ കൂട്ടി

HIGHLIGHTS : Shipping to Lakshadweep increased sharply

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പലിലെ യാത്രാ, ചരക്കുകൂലികള്‍ കുത്തനെ കൂട്ടി. അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കുന്നതിനുള്ള നിരക്ക് മൂന്നിരട്ടിയാക്കി.

ഗുരുതരാവസ്ഥയിലാകുന്ന രോഗിയെയും കൂടെ രണ്ടുപേരെയും ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിക്കാന്‍ 15,000 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 50,000 രൂപയാക്കി. എല്ലാ അവശ്യസാധനങ്ങളും വന്‍കരയില്‍നിന്നുവരുന്ന ദ്വീപില്‍, ചരക്കുകൂലിവര്‍ധന വിലക്കയറ്റം രൂക്ഷമാക്കും.

sameeksha-malabarinews

കൊച്ചി-കവരത്തി രണ്ടാംക്ലാസ് യാത്രാനിരക്ക് 650 രൂപയില്‍നിന്ന് 1300 രൂപയായും ഫസ്റ്റ് ക്ലാസ് നിരക്ക് 2340 രൂപയില്‍നിന്ന് 3510 രൂപയുമായാണ് വര്‍ധിപ്പിച്ചത്. ഡോര്‍മിറ്ററിപോലുള്ള ബങ്ക് ക്ലാസ് ടിക്കറ്റ് നിരക്കും 220 രൂപയില്‍നിന്ന് 330 ആയി ഉയര്‍ത്തി.

വിനോദസഞ്ചാരികള്‍ക്കുള്ള കൊച്ചി-കവരത്തി സെക്കന്‍ഡ് ക്ലാസ് നിരക്ക് 1270 രൂപയില്‍നിന്ന് 3810 രൂപയാക്കി. ഫസ്റ്റ് ക്ലാസ് നിരക്ക് 3380 രൂപയില്‍നിന്ന് 5820 രൂപയാക്കി. ബങ്ക് ക്ലാസ് നിരക്ക് 500 രൂപയില്‍നിന്ന് 1500 രൂപയാക്കി. അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് മെട്രിക് ടണ്ണിന് 650 രൂപയായിരുന്നത് 1200 രൂപയാക്കി.

പഞ്ചായത്തുകളുമായോ ദ്വീപുകളിലെ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയുമായോ ആലോചിക്കാതെ അഡ്മിനിസ്‌ട്രേഷനു കീഴിലുള്ള ലക്ഷദ്വീപ് പോര്‍ട്ട് ഷിപ്പിങ് ആന്‍ഡ് ഏവിയേഷന്‍ വകുപ്പാണ് നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.

ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍നിന്ന് ദ്വീപുകളിലേക്കുള്ള യാത്രാ, ചരക്കുകൂലികളും വര്‍ധിപ്പിച്ചു. വര്‍ധന പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ നിവേദനം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!