Section

malabari-logo-mobile

പൊന്നാനിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് ഒരു കപ്പല്‍യാത്ര

HIGHLIGHTS : Shipping from Ponnani to Lakshadweep

പൊന്നാനിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നു. ടൂറിസം മേഖലയിലെ പുതിയ സാധ്യതകളുടെ ഭാഗമായി പഠനയാത്രയെന്ന നിലയ്ക്കാണ് പൊന്നാനിയിലെ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദ്യത്തെ കപ്പല്‍ യാത്ര നടത്തുന്നത്. ഇതിന്റെ ഭാഗമായി പി. നന്ദകുമാര്‍ എം.എല്‍. എ മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് അധ്യക്ഷന്മാര്‍ പങ്കെടുത്ത ആലോചനായോഗം ചേര്‍ന്നു.  മാര്‍ച്ച് 26 നാണ് ലക്ഷദ്വീപിലേക്ക് ആദ്യ സര്‍വിസ് നടത്തുക. പൊന്നാനി ഹാര്‍ബറില്‍ കപ്പലടുപ്പിച്ച് യാത്ര തിരിക്കാനാണ് തീരുമാനം. അമ്പതോളം പേരടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടാവുക. പൊന്നാനിയില്‍ നിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചും തീര്‍ഥാടന ടൂറിസമാണ് ആദ്യ ഘട്ടത്തിലെ ആലോചനയിലുള്ളത്. ഇതിനായി പൊന്നാനി തീരത്ത് ഫ്‌ലോട്ടിങ് ജെട്ടി നിര്‍മിക്കും. തീര്‍ഥാടന ടൂറിസത്തിന് പിന്നാലെ കാര്‍ഗോ സര്‍വിസും പരിഗണനയിലുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച മഖ്ദൂമുമാരുടെയും ഉമര്‍ ഖാസിയുടെയും നാട് ദ്വീപുകാര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഒരിക്കലെങ്കിലും ദ്വീപ് കാണാന്‍ കൊതിച്ചവരായിരിക്കും പൊന്നാനിക്കാര്‍. പൊന്നാനി തീരത്തുനിന്ന് കപ്പലേറി ദ്വീപില്‍ കാലുകുത്താന്‍ മോഹിച്ച് പഴമക്കാര്‍ മുന്നില്‍ പുതിയ സാധ്യതകള്‍ തേടുകയാണ് പഠനയാത്രയുടെ ലക്ഷ്യം. സാങ്കേതികവും ഭരണപരവുമായ മുഴുവന്‍ പിന്തുണയും സാധ്യമാക്കുന്ന തരത്തില്‍ ബന്ധപ്പെട്ടവരുടെ സമ്പൂര്‍ണ സാന്നിധ്യം ഉറപ്പുവരുത്തിയതായി എം.എല്‍.എ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിലാണ് വിവിധ മേഖലയിലുള്ളവരെ ചേര്‍ത്ത് പഠനയാത്ര നടത്താന്‍ തത്വത്തില്‍ ധാരണയായത്. കപ്പല്‍ പൊന്നാനി തീരത്തേക്ക് അടുപ്പിക്കുന്ന കാര്യത്തില്‍ ഷിപ്പ് പൈലറ്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ദ്വീപ് നിവാസികള്‍ സ്വയം സന്നദ്ധമായി. പൊന്നാനി ഫിഷിങ് ഹാര്‍ബറിലേക്ക് കൂറ്റന്‍ കപ്പലെത്തുന്നതിനു മുന്നോടിയായി തുറമുഖ വകുപ്പ് ഹൈഡോഗ്രാഫിക് സര്‍വേ നടത്തുകയും ലാന്‍ഡിങ് സെന്റര്‍ പരിശോധിച്ച് ഉറപ്പുവരുത്തുക യും ചെയ്യും. നിലവില്‍ കൊച്ചി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ലക്ഷദ്വീപിലേക്ക് സര്‍വീസ്, മറ്റിടങ്ങളില്‍ നിന്ന് ദ്വീപിലേക്കുള്ള യാത്രയേക്കാള്‍ 20 മൈല്‍ വരെ ദൂരക്കുറവുണ്ട് പൊന്നാനിയില്‍ നിന്നുള്ള യാത്രക്ക്. ദ്വീപിലേക്ക് സഞ്ചാരപാത തുറക്കുന്നതോടെ വലിയ മാറ്റങ്ങള്‍ പൊന്നാനിയെ തേടിയെത്തുമെന്നാണ് കണക്കുകൂട്ടല്‍. ടൂറിസം രംഗത്തും ഈ പദ്ധതി ശ്രദ്ധേയമായ ഉണര്‍വുണ്ടാകും.

sameeksha-malabarinews

മാരിടൈം ചെയര്‍മാന്‍ വിവിധ സാധ്യതകള്‍ വിശദീകരിച്ചു. എം.എല്‍.എയും എം. പിയുടെ പ്രതിനിധിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും, നഗര സഭാ ചെയര്‍മാനും യാത്ര സാധ്യമാകുമെന്ന ഉറപ്പ് പങ്കുവെച്ചു. ആലോചന യോഗത്തില്‍ പി. നന്ദകുമാര്‍ എം.എല്‍. എ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷണന്‍, നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, മാരിടൈം ചെയര്‍മാന്‍ പി. ജെ മാത്യു, കോഴിക്കോട് പോര്‍ട് ഓഫീസര്‍ അശ്വനി പ്രതാപ്, പോര്‍ട് പൈലറ്റ് പ്രതീഷ് ജി നായര്‍, ഹജ്ജ് കമ്മിറ്റിയംഗം കെ.എം. മുഹമ്മദ് കാസിം കോയ, അഡ്വ. പി.കെ ഖലീമുദ്ദീന്‍, അഷറഫ് കോകൂര്‍, അര്‍ഷാദ് തിരുനെല്ലി, ഒ. ഒ. ശംസു, ഫര്‍ഹാന്‍ ബിയ്യം, ടി. ജമാലുദ്ദീന്‍, ലക്ഷദ്വീപ് പ്രതിനിധികളായ കെ.കെ ഷമീം, സി.എം അബ്ദുല്‍ മുഹ്‌സിന്‍, സമീര്‍ ഡയാന, പ്രസ് ക്ലബ്ബ് സെക്രട്ടറി ജിജീഷ് വൈലിപ്പാട്ട്, വൈസ് പ്രസിഡന്റ് സകരിയ പൊന്നാനി എന്നിവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!