കപ്പല്‍ തീപിടുത്തം; പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: കേരളത്തിന്റെ പുറംകടലില്‍ കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എസ്‌ജെ ആശുപത്രിയില്‍ ചികിത്സയിലുള്ള ലൂ എന്‍ലി(ചൈന), സോണിറ്റൂര്‍ എസൈനി(തായ്വാന്‍) എന്നിവരാണ് അത്യാസന്ന നിലയില്‍ കഴിയുന്നത്. അതേസമയം കപ്പലപകടത്തില്‍ കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി നിലയുറപ്പിച്ചിരിക്കുന്നത്. കൊളംബോയില്‍ നവി മുംബൈയിലേക്ക് പോയ ചരക്കുകപ്പലാണ് ഇന്നലെ കത്തിയത്. രാത്രി വൈകിയും കപ്പലിലെ തീ നിയന്ത്രണാതീതമായി തുടരുകയായിരുന്നു. കണ്ടെയ്‌നറുകളിലുളള 20 ടണ്‍ വെടിമരുന്ന്, പെയിന്റ് അടക്കമുള്ള ചരക്കുകളാണ് ഉഗ്രശബ്ദത്തോടെ കത്തുന്നത്. ഫയര്‍ ഫൈറ്റിങ് യൂണിറ്റുകള്‍ക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. കപ്പലിന്റെ മധ്യഭാഗത്തെ കണ്ടെയ്‌നറുകളാണ് ആദ്യം കത്തിയമര്‍ന്നത്. ഇതിനിടെ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ വീഴുകയും ചെയ്തു.

ആകെ 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ 18 പേരെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സാധിച്ചു. നാല് പേരെയാണ് കാണാതായിരിക്കുന്നത്. കപ്പലില്‍ തീപിടിത്തം ഉണ്ടായ ഘട്ടത്തില്‍ തീയണക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരാണ് ഇവരെന്നാണ് കരുതുന്നത്. രക്ഷിച്ച 18 പേരില്‍ ഗുരുതരമായി പരിക്കേറ്റ 2 പേരടക്കം ആറ് പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിഷയങ്ങള്‍ ഇന്ന് ആശുപത്രിയില്‍ നിന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top