നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ടം ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ടം പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ മേല്‍നോട്ട ചുമതല എസ് ശ്രീജിത്ത് ഐപിഎസ്‌നല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.

സിനിമ സംവിധായകന്‍ ബൈജു കൊട്ടാരക്കരയായിരുന്നു എ ഡി ജി പി ശ്രീജിത്തിന്റെ സ്ഥാനചലനത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയോ എന്നതില്‍ വ്യക്തത നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചത്.

അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഇന്ന് പ്രോസിക്യൂഷന്‍ വാദം നടത്തിയെങ്കിലും കൃത്യമായ തെളിവ് ഹാജരാക്കാത്തതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജി പരിഗണിക്കുന്നത് വരുന്ന 26 ലേക്ക് മാറ്റിയ വിചരണ കോടതി ജാമ്യം റദ്ദാക്കാന്‍ കാരണമാകുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചു. എന്നാല്‍ ദിലിപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദത്തിന് മതിയായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി.

ദിലീപ് ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇതിന് നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധമാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളാണോ ദിലീപ് നശിപ്പിച്ചതെന്നും കോടതി ചോദിച്ചിരുന്നു. നശിപ്പിക്കപ്പെട്ട ചാറ്റുകള്‍ക്ക് നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെങ്കിലേ പ്രസക്തിയുള്ളുവെന്ന് കോടതി മറുപടി നല്‍കി.

 

 

 

 

Share news
error: Content is protected !!
Scroll to Top