മുക്കുപണ്ട പണയ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ ഗ്രാമീണ ബാങ്കിലെ അപ്രൈസര്‍ ജീവനൊടുക്കി

കോഴിക്കോട് : ഗ്രാമീണ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ അപ്രൈസര്‍ ജീവനൊടുക്കി. മുക്കം സ്വദേശി മോഹനനാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. മരിച്ച മോഹനന്‍ കേസില്‍ പ്രതിയല്ല.

കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ 27 ലക്ഷം രൂപയുടെ പണയതട്ടിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്ത് വെച്ച് 11 മണിയോടെയാണ് മോഹനന്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. ഗുരുതര പരിക്കൊടെ മോഹനനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂര്‍ ശാഖ കേന്ദ്രീകരിച്ചായിരുന്നു മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടന്നത്. കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ബാബു പൊലുകുന്നത്ത് മുഖ്യപ്രതിയായ കേസില്‍ ദളിത് കോണ്‍ഗ്രസ് നേതാവായ വിഷ്ണു അടക്കം രണ്ട് പേര്‍ റിമാന്‍ഡിലാണ്. മുഖ്യപ്രതി ബാബു നിലവില്‍ ഒളിവിലാണ്. കേസില്‍ മുക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അപ്രൈസര്‍ ജീവനൊടുക്കിയത്.

ദളിത് കോണ്‍ഗ്രസ് നേതാവായ വിഷ്ണു മുക്കുപണ്ടം പന്തീരാങ്കാവിലെ മറ്റൊരു ബാങ്കില്‍ പണയം വെക്കാനെത്തിയ ഘട്ടത്തില്‍ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിലറിയിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. പിന്നാലെയാണ് കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പടക്കം പുറത്ത് വന്നത്.

Share news
error: Content is protected !!
Scroll to Top