HIGHLIGHTS : Sharon murder case; sentencing on Monday
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചയിലേക്ക് മാറ്റി. ഗ്രീഷ്മയും മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ശിക്ഷ വിധിക്കുന്നതിനു മുന്നെയുള്ള അന്തിമ വാദത്തിനിടെ എന്തെങ്കിലും പറായന്‍ ഉണ്ടോ എന്ന് കോടതി ഗ്രീഷ്മയോട് ചോദിച്ചിരുന്നു. പറയാന്‍ ഉണ്ടെന്ന് ഗ്രീഷ്മയുടെ അഭിഭാഷകന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഗ്രീഷ്മയെ ജഡ്ജ് അടുത്തേക്കു വിളിച്ചു. ഗ്രീഷ്മ ആവശ്യങ്ങള്‍ എഴുതിനല്‍കി. തുടര്‍ന്ന് ഗ്രീഷ്മ എഴുതി നല്‍കിയ കാര്യങ്ങള്‍ പരിശോധിച്ചു.തുടര്‍ന്ന് ഗ്രീഷ്മയോട് ജഡ്ജി കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. തനിക്ക് മറ്റ് ക്രിമിനകള്‍ കേസുകള്‍ ഒന്നും ഇല്ലെന്നും 24 വയസാണ് പ്രായമെന്നും പരമാവധി ഇളവ് നല്‍കണമെന്നും ഗ്രീഷ്മ അപേക്ഷിച്ചു.
ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.പ്രണയമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തിയാണ് കൊലപാതം, ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ ചിന്ത, ഒരുതവണ പരാജയപ്പെട്ടപ്പോള്‍ വീണ്ടും ശ്രമം നടത്തി. ക്രൂരയായ ഒരാള്‍ക്കെ ഇങ്ങനെ ചിന്തിക്കാന്‍ കഴിയു എന്നും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റം നടത്തിയതെന്നും അതിനായി മുന്നൊരുക്കങ്ങള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഷാരോണ്‍ ആ ദിവസങ്ങളില്‍ അനുഭവിക്കേണ്ടിവന്ന വേദന കാണണമെന്നും പ്രോസിക്യൂഷന്‍ കോടിതിയില്‍ ആവശ്യപ്പെട്ടു. വിഷം കഴിച്ചതോടെ ചുണ്ട് മുതല്‍ ആന്തരിക അവയവം വരെ തകരാറിലായി എന്ന ഡോക്ടര്‍മാരുടെ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ബിരുദാനന്തര ബിരുദധാരിണിയായ ഗ്രീഷ്മയുടെ അറിവുകള്‍ കൊലയ്ക്കായി ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ പ്രതിഭാഗം ചോദ്യം ചെയ്യുകയും സാഹചര്യതെളിവുകള്‍ മാത്രം വെച്ച് വധശിക്ഷ എങ്ങിനെ നല്‍കാന്‍ കഴിയുമെന്നും പ്രതിഭാഗം ചോദിച്ചു. പ്രതിക്ക് ആന്റി സോഷ്യല്‍ സ്വഭാവമില്ലെന്നും ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണത ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. പരമാവധി നല്‍കാന്‍ കഴിയുന്നത് ജീവപര്യന്തമാണെന്നും പത്തുവര്‍ഷമായി കുറയ്‌ക്കേണ്ട ഇളവ് ഈ സംഭവത്തില്‍ ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രതിയെ മാനസാന്തരപ്പെടുത്തി പുനരധിവാസം നടത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പ്രതിഭാഗം വാദിച്ചു.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപനം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്.