ശബരിമലയില്‍ ഇന്നുമുതല്‍ നിരോധനാജ്ഞ

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനു ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാത്രിവരെയാണ് കലക്ടര്‍ പി ബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരെയും മാധ്യമപ്രവര്‍ത്തകരെയും അഞ്ചിന് രാവിലെ എട്ടോടുകൂടി മാത്രമെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തിവിടുകയൊള്ളു. സുരക്ഷാ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇത്തരത്തില്‍ കടത്തിവിടുക.

തീര്‍ഥാടകരെയല്ലാതെ മറ്റാരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ലെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു.

തിങ്കളാഴ്ച ശബരിമല നട തുറക്കും. ചിത്തിര ആട്ടവിശേഷത്തിന് ശബരിമലനട വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടായിരിക്കില്ല. ആറിന് സഹസ്രകലശം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ടായിരിക്കും. രാത്രി പത്തുമണിക്ക് നട അടയ്ക്കും.

Related Articles