ജനങ്ങളെ ഇന്നും കൂടുതല്‍ സ്വാധീനിക്കുന്ന മാധ്യമമാണ്  ടെലിവിഷന്‍:മന്ത്രി എ.കെ.ബാലന്‍

ജനങ്ങളെ എക്കാലവും സ്വാധീനിക്കുന്ന മാധ്യമമാണ് ടെലിവിഷനെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. 2017ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ടെലിവിഷന് 33 വര്‍ഷത്തെചരിത്രം മാത്രമേയുള്ളു. എന്നാല്‍, ജനങ്ങളെ സ്വാധിനിക്കുന്ന മാധ്യമാണത്. ദൃശ്യമാധ്യമങ്ങളില്‍ കേരളം വളരെ മുന്നിലാണ്. അതേസമയം അന്ധവിശ്വാസവും ഇതേ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങളെ  24 മണിക്കും വാര്‍ത്തകളുടെ തടവറകളിലാക്കാനും ടെലിവിഷന് കഴിയുന്നുണ്ട്. ദുരന്തനിവാരണത്തിന് കണ്‍ട്രോള്‍ റൂമുകളായിപോലും പല മാധ്യമങ്ങളുടേയും ഓഫീസുകള്‍ പ്രളയകാലത്ത് പ്രവര്‍ത്തിച്ചു. പാതിരനേരത്ത് കാമറ കണ്ണകളുമായി നടന്ന് പ്രളയദുരന്തത്തിന് നേര്‍ക്കാഴ്ചകള്‍ എത്തിച്ചു. അത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി.
ആണവ സ്‌ഫോടനമുണ്ടായ രാജ്യങ്ങളില്‍പോലും ചലച്ചിതമേള മാറ്റി വെച്ചിട്ടില്ല. ഇത്തവണ ചലച്ചിത്രമേളക്ക് പ്രവേശന പാസിന്റെ തുക  2000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. അത് ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുന്നതായി കരുതിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖ പ്രഭാഷണം നടത്തി. കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍ അവാര്‍ഡ് ബുക്ക് പ്രകാശനം ചെയ്തു. കൗണ്‍സിലര്‍ പാളയം രാജന്‍, വിവിധ വിഭാഗം ജൂറി ചെയര്‍മാന്മാരായ  കെ.കുഞ്ഞികൃഷ്ണന്‍, രഘുനാഥ് പലേരി, എ.ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു സ്വാഗതം പറഞ്ഞു.  ആകെ 71 അവാര്‍ഡുകള്‍ വിതരണം ചെയ്തു. കഥാ വിഭാഗത്തില്‍ 39വും കഥേതര വിഭാഗത്തില്‍ 29വും രചനാ വിഭാഗത്തില്‍ മൂന്നും അവാര്‍ഡുകളാണ് വിതരണം ചെയതത്.
മികച്ച നടന്‍ കൃഷ്ണകുമാര്‍.ബി ( കാളിഗന്ധകി  , അമൃതാ ടി.വി), മികച്ച നടി അമലാ ഗിരീശന്‍ (നീര്‍മാതളം, ഏഷ്യാനെറ്റ്), മികച്ച ക്യാമറാമാന്‍ നൗഷാദ് ഷെഫിക് (കാളിഗന്ധകി, അമൃതാ ടി.വി), മികച്ച സംഗീത സംവിധായകന്‍ കല്ലറ ഗോപന്‍ (കാളിഗന്ധകി, അമൃതാ ടി.വി),  കഥാകൃത്ത് എസ്. ഗിരീശന്‍ ചാക്ക (മനുഷ്യന്‍, കൈരളി ടി.വി) മികച്ച ലേഖനങ്ങള്‍ക്ക് സലിന്‍ മാങ്കുഴി, ഡോ. ടി.കെ. സന്തോഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്.

Related Articles