കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ച ഏഴ് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയ ഏഴ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഗദഗിലെ സിഎസ് പാട്ടീല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പരീക്ഷയിലാണ് ഹിജാബ് അനുവദിച്ചത്. രണ്ട് പരീക്ഷ സെന്റര്‍ സൂപ്രണ്ടുമാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചത്. മാര്‍ച്ച് 15 ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കര്‍ണാടക സ്‌കൂളുകളില്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹര്‍ജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

ഹിജാബ് അനുവദിക്കില്ലെന്നും പരീക്ഷയ്ക്ക് എത്തുന്നവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിജാബിന്റെ പേരില്‍ പരീക്ഷ ബഹിഷ്‌കരിക്കുന്നവര്‍ക്ക് രണ്ടാമത് അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉഡുപ്പി അടക്കം തീരമഖലകളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top