തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് എട്ടു വയസ്സുകാരിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. നഷ്ടപരിഹാരം നല്‍കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് ബാധ്യതയെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി അവധിക്ക് ശേഷം വീണ്ടും പരിഗണക്കാനായി മാറ്റി.
പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ധാക്കണമെന്നുമാണ് ആവശ്യം. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ ഹര്‍ജി പരിഗണിച്ചത്.
പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ നല്‍കിയ അപ്പീലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്.




