
മലപ്പുറം : നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് തിരഞ്ഞെടുപ്പില്‍ സമഗ്രാധിപത്യം നേടി. സംസ്ഥാനത്ത് മല്‍സരിച്ച 27ല്‍ 23 മണ്ഡലങ്ങളിലും മുസ്ലിം ലീഗ് ലീഡ് നേടി. ലീഗിന്റെ പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിലാണ്. കൊണ്ടോട്ടിയില്‍ തുടക്കത്തില്‍ പിന്നിലേക്ക് പോയ ലീഗ് സ്ഥാനാര്‍ത്ഥി ലീഡ് തിരിച്ചു പിടിച്ചു. പേരാമ്പ്രയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനെ പിന്നിലാക്കി ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലിയ മുന്നിലാണ്. വോട്ടെണ്ണിയപ്പോള്‍ മുതല്‍ ഫാത്തിമയാണ് മുന്നിലുള്ളത്. രണ്ടാം നമ്പർ ഔദ്യോഗിക വാഹനം ലീഗ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നതിന്റെ ഗ്രാഫിക് ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. നമ്മൾ തൂക്കിയെന്നും അദ്ദേഹം കുറിച്ചു.
മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, മങ്കട എന്നീ മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മികച്ച ലീഡ് നേടി. വള്ളിക്കുന്ന് മണ്ഡലത്തില്‍ മല്‍സരിച്ച ടിവി ഇബ്രാഹീം ആണ് ഇതുവരെ കൂടുതല്‍ ലീഡ് നേടിയിട്ടുള്ളത്. ഏഴ് റൗണ്ട് എണ്ണിയപ്പോള്‍ 27000ത്തില്‍ അധികം ഭൂരിപക്ഷം അദ്ദേഹം നേടി.
കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എകെഎം അഷ്റഫും കാസര്‍കോഡ് കല്ലട്ര മായിന്‍ ഹാജിയും ലീഡ് ചെയ്യുകയാണ്. അഷ്റഫിന്റെ ഭൂരിപക്ഷം ആറ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 15000 കടന്നു.
കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിലെല്ലാം മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മുന്നിലാണ്. കൊടുവള്ളിയിലെ പികെ ഫിറോസ് ആണ് ജില്ലയില്‍ ഭൂരിപക്ഷം കൂടുതലുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. 13700 വോട്ടിന്റെ ഭൂരിപക്ഷമാണ് ആറ് റൗണ്ട് എണ്ണയിപ്പോള്‍ അദ്ദേഹം നേടിയത്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, തൃശൂരിലെ ഗുരുവായൂര്‍, എറണാകുളം ജില്ലയിലെ കളമശേരി എന്നീ മണ്ഡലങ്ങളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്.
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണ വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രണ്ട് വനിതകളെ മല്‍സരിപ്പിച്ച് ലീഗ് വ്യത്യസ്തമായ തീരുമാനം എടുത്തു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




