Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ ഏഴ് ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : മലപ്പുറം :പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഏഴ് പൊതുവിദ്യാലയങ്ങള്‍ക്ക് പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍  മുഖ്യമന്ത്രി ...

മലപ്പുറം :പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഏഴ് പൊതുവിദ്യാലയങ്ങള്‍ക്ക് പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.കെ രവീന്ദ്രനാഥ് അധ്യക്ഷനായി. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ: എ. ഷാജഹാന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ജീവന്‍ ബാബു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതു ഗ്രാമത്തിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന അവസ്ഥയിലെത്തിയതായും അദ്ദേഹം പറഞ്ഞു. 2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കുട്ടികള്‍ കൊഴിഞ്ഞ് പൊതുവിദ്യാലയങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാല്‍ പാവപ്പെട്ടവര്‍ക്ക് മികച്ച വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയായിരുന്നു. സമൂഹം മുന്നോട്ടുപോകാന്‍ എല്ലാവരും സമമായി മുന്നോട്ടുപോകണം. അതുകൊണ്ടാണ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയുള്ള മാറ്റം നാടാകെ പ്രകടമാണ്. ഭാവികേരളത്തിന്റെ വളര്‍ന്നുവരുന്ന പുതുതലമുറയുടെ വിദ്യാഭ്യാസ അടിത്തറയും കാഴ്ചപ്പാടും മാറുകയാണ്. വലിയതോതില്‍ കഴിവുനേടിയവരായി അവര്‍ മാറും. ഇപ്പോള്‍ത്തന്നെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നവരുടെ മികവ് പലവിധത്തില്‍ പ്രകടമാകുന്നു.

sameeksha-malabarinews

അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച നിലമ്പൂര്‍ ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച പുലാമന്തോള്‍ ജി.എച്ച്.എസ്.എസ്, കുന്നക്കാവ് ജി.എച്ച്.എസ്.എസ്, പ്ലാന്‍ ഫണ്ടില്‍ നിന്നും നിര്‍മാണം പൂര്‍ത്തിയാക്കിയ മൊറയൂര്‍ ജി.എം.എല്‍.പി.എസ് (1.15 കോടി), പറങ്കിമൂച്ചിക്കല്‍ ജി.എല്‍.പി.എസ്, താനൂര്‍ ജി.എല്‍.പി.എസ്, തവനൂര്‍ കെ.എം.ജി.യു പി.എസ് (ഒരു കോടി) എന്നീ സ്‌കൂളുകളുടെ കെട്ടിടങ്ങളാണ് ജില്ലയില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.

നിലമ്പൂര്‍ ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍   നടന്ന ചടങ്ങില്‍  ശിലാഫലക അനാച്ഛാദനം നിലമ്പൂര്‍ കോവിലകം അംഗം ടി.എന്‍ അശോകവര്‍മ്മ നിര്‍വഹിച്ചു. കിഫ്ബിയില്‍ നിന്ന് അഞ്ച് കോടിയും പി.വി അന്‍വര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒന്നരക്കോടിയും ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഫര്‍ണിച്ചറുകള്‍ക്കായി 25 ലക്ഷം രൂപ നിലമ്പൂര്‍ നഗരസഭയും ചെലവഴിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തിനായി നിര്‍മിച്ച കെട്ടിടത്തില്‍ മുപ്പത് ക്ലാസ് മുറികളാണുള്ളത്. ഓഫീസ്,  സ്റ്റാഫ് റൂം, ലേഡീസ്, ബോയ്സ് ടോയിലറ്റ് എന്നിവയും  ഒരുക്കിയിട്ടുണ്ട്. സ്‌കൂളില്‍ 18.25 കോടിയുടെ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ  നിര്‍മാണവും പുരോഗമിക്കുകയാണ്.  ചടങ്ങില്‍   പി.വി അബ്ദുള്‍ വഹാബ് എംപി, മുന്‍ എം.പി ടി. കെ ഹംസ, നഗര സഭാംഗങ്ങളായ പി.എം ബഷീര്‍, കക്കാടന്‍ റഹീം, യു.കെ ബിന്ദു, സൈജി ടീച്ചര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓഡിനേറ്റര്‍ എം മണി, ഡി.ഡി.ഇ കുസുമം, ആര്‍.ഡി.ഡി കെ. സ്നേഹലത, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എന്‍. റുക്കിയ, ഹൈസ്‌കൂള്‍ പ്രധാനധ്യാപിക ക്രിസ്റ്റീന തോമസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുലാമന്തോള്‍ ജി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ ഗാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ശിലാഫലകം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡന്റ്     പി.ചന്ദ്രമോഹന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജോളി ജോസഫ്, പി.ജി സാഗരന്‍, എം.ടി നസീറ, പി.ഉമ്മുസല്‍മ, മഠത്തില്‍ റജീന, വി.പി മുഹമ്മദ് ഹനീഫ, കെ.എസ് ഷാജന്‍ ( ഡി ഇ ഒ), ഹംസ പാലൂര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ടി.സാവിത്രി, കെ.മുഹമ്മദ് മുസ്തഫ, എസ്.എസ്.കെ പ്രോഗ്രാം ഓഫീസര്‍ ഭാവന,  എ.ഇ.ഒ എന്‍ സിറാജുദ്ദീന്‍, ഇ.രാജേഷ്, പി.ടി.എ പ്രസിഡന്റ് കെ.ടി ഇസ്സുദ്ദീന്‍, ഹെഡ്മാസ്റ്റര്‍ കെ.മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുത്തു. അത്യാധുനിക സൗകര്യങ്ങളോടു കൂടി മൂന്നു നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിര്‍മാണം. 15 ക്ലാസ് മുറികള്‍, രണ്ട് ഐ.ടി ലാബുകളും അടങ്ങുന്നതാണ് കെട്ടിടം.

പെരിന്തല്‍മണ്ണ കുന്നക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.പി.അഷറഫ്,  ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. വാസുദേവന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ എന്‍.പി. ഉണ്ണികൃഷ്ണന്‍, എം.ആര്‍ മനോജ്, അനിത പള്ളത്ത്, വാര്‍ഡ് അംഗം സല്‍മ, സ്‌കൂള്‍ പ്രധാനധ്യാപിക, പിടിഎ പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുത്തു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

മൊറയൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ    ശിലാഫലകം അനാച്ഛാദനം ചെയ്തു. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പൊറ്റമ്മല്‍ സുനീറ അധ്യക്ഷയായി.  പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം    അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം   അഡ്വ.പി. വി മനാഫ്, മൊറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അബ്ദുല്‍ ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ ഫായിസ റാഫി, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അയിഷാബി ടീച്ചര്‍, വാര്‍ഡ് അംഗം അബ്ദുല്‍ ഹസ്സന്‍ പറമ്പാടന്‍, ഡി.ഡി.ഇ കുസുമം, പി.ടി.എ പ്രസിഡന്റ് വി. മുഹമ്മദ് ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 1.25 കോടി രൂപ ചെലവില്‍ നിര്‍മിച്ച 12 ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.

താനൂര്‍ ശോഭപറമ്പിലെ ജി.എല്‍.പി  സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂളില്‍ കൗണ്‍സിലര്‍മാരായ വി.കുമാരി, ഉമ്മുകുത്സു ടീച്ചര്‍ എന്നിവര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജയപ്രകാശ്, ഡി.ഇ.ഒ വൃന്ദകുമാരി, എ.ഇ.ഒമാരായ സി.കെ സക്കീന, സി.കെ ആനന്ദകുമാര്‍, സ്‌കൂള്‍ പ്രധാനധ്യാപകന്‍ ഒ.കെ അജയന്‍, പി.ടി.എ പ്രസിഡന്റ് സി.പി അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു. ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച ഇരുനില കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, ടോയ്‌ലറ്റ് സമുച്ചയം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളിലായിരുന്നു കെട്ടിട നിര്‍മ്മാണം. 610 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്. 135 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് സ്‌കൂള്‍. പുതിയ കെട്ടിടം നിര്‍മിച്ചതിന് പുറമെ ചുറ്റുമതില്‍, ഗേറ്റ് എന്നിവയും സ്‌കൂളില്‍ പണിയുന്നുണ്ട്.

തവനൂര്‍ കെ.എം.ജി.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍  എസ്.എസ്.കെ ക്ലാസ് മുറികളുടെ  ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ നിര്‍വഹിച്ചു. ചടങ്ങില്‍ എം.എല്‍.എ ക്ലാസ് മുറികളുടെ ഉദ്ഘാടനം ജിജി വര്‍ഗീസ് നിര്‍വഹിച്ചു.  തിയേറ്റര്‍ ക്ലാസ് മുറിയുടെ  ഉദ്ഘാടനം തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസും സ്‌കൂള്‍ വാഹനത്തിന്റെ ഉദ്ഘാടനം എ.ഇ.ഒ പി വിജയകുമാരിയും നിര്‍വഹിച്ചു. മാലിന്യ നിര്‍മാര്‍ജന യൂണിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൂട്ടാക്കിലും നിര്‍വഹിച്ചു.  കമ്പ്യൂട്ടര്‍ ലാബ്  മലപ്പുറം എസ്.എസ്.കെ.ഡി.പി.സി കെ.വി വേണുഗോപാലനും സയന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം തിരൂര്‍ ഡി.ഇ.ഒ രമേഷ് കുമാറും നിര്‍വഹിച്ചു. തവനൂര്‍  ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ലിഷാ മോഹന്‍ അധ്യക്ഷയായി. പ്രധാനധ്യാപിക എസ്.ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് എം.ടി അനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.മണി,  സുനില്‍ അലക്‌സ്, പി.കെ പ്രമോദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പറങ്കിമൂച്ചിക്കല്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊന്മള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ. സലീന ടീച്ചര്‍, ബ്ലോക്ക് അംഗം സുലൈഖ വടക്കന്‍, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍  സുഹറാബി കൊളക്കാടന്‍, അംഗങ്ങളായ എം.പി നിസാര്‍, എം.സക്കീന, അത്തു വടക്കന്‍, നഗരസഭ കൗണ്‍സിലര്‍മാരായ സറീന സുബൈര്‍, ഹുസൈന്‍ നെല്ലിയാളി, എ.ഇ.ഒ മാരായ കെ.പി അബ്ദുല്‍ ജലീല്‍, കെ.ടി മുരളീധരന്‍, പ്രധാനാധ്യാപിക  വി.ടി ഉഷ, പി.ടി.എ പ്രസിഡന്റ് കെ. ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. ഇരു നിലകളിലായി എട്ട് ക്ലാസ് മുറികളാണ് സ്‌കൂളില്‍ പുതുതായി നിര്‍മിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പ് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അനുവദിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതി പ്രകാരമാണ് സ്‌കൂളിന് ഫണ്ടനുവദിച്ചിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!