
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസം പിന്നിടുമ്പോള്‍ നദിയില്‍ നിന്ന് സിഗ്‌നല്‍ കിട്ടിയ നാലാമത്തെ സ്‌പോട്ടിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ നദിയില്‍ ഡൈവ് ചെയ്തത് ഒമ്പത് തവണ. ഏഴ് മണിയോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോഴും ട്രക്ക് ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെത്താന്‍ മാല്‍പെയ്ക്കായില്ല. ട്രക്കിനടുത്തെത്തി അതിനുള്ളില്‍ അര്‍ജുനുണ്ടോ എന്ന് പരിശോധിക്കാനാണ് ശ്രമിച്ചതെങ്കിലും സാധിച്ചില്ല. നദിയിലെ സീറോ വിസിബിലിറ്റിയാണ് പ്രധാന വെല്ലുവിളിയായത്.
നദിയിലുള്ള മണ്‍കൂനയിലെത്തി കുന്ദാപുരയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. അതിനിടെ, ഗംഗാവലി പുഴയുടെ അടിയില്‍ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയില്‍ കിട്ടിയ നാലാം സിഗ്‌നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. കരയില്‍ നിന്ന് 132 മീറ്റര്‍ അകലെ ചെളിയില്‍ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം.
തെരച്ചില്‍ നിര്‍ത്തില്ലെന്നും ഇക്കാര്യം കളക്ടറോടും നേവിയുടെയും പറഞ്ഞിട്ടുണ്ടെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു. ഫ്‌ലോട്ടിങ്ങ് വെസല്‍ കൊണ്ട് വന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയില്‍ ഇറങ്ങാനാണ് ശ്രമം. സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരില്‍ ചെയ്യുന്നുണ്ടെന്നും എംപി പറഞ്ഞു. ഫ്‌ലോട്ടിങ് പ്ലാറ്റ്‌ഫോം രാജസ്ഥാനില്‍ നിന്ന് എത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. നാവിക സേനയുടെ കൂടുതല്‍ വൈദഗ്ധ്യം ഉള്ളവരെ നിയോഗിക്കണം എന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ തെരച്ചില്‍ തുടരും. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി മുന്നോട്ടുപോകും. മറ്റു നേവല്‍ ബേസില്‍ വിദഗ്ധര്‍ ഉണ്ടെങ്കില്‍ എത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ നാളെയും തുടരുമെന്നും ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ച ശേഷം എംഎല്‍എ വ്യക്തമാക്കി.
മാല്‍പെ സംഘവും നേവിയും സംയുക്തമായാണ് ഇന്ന് തിരച്ചില്‍ നടത്തിയത്. നദിക്ക് മധ്യത്തിലായി രൂപപ്പെട്ട മണ്‍കൂനയില്‍ നിന്നാണ് തിരച്ചില്‍ നടത്തുന്നത്. പുഴയിലെ ഒഴുക്ക് ശക്തമായ നദിയില്‍ ഡൈവ് ചെയ്യുന്നതിനിടെ അക്വാമാനെന്ന് വിശേഷിപ്പിക്കുന്ന ഈശ്വര്‍ മാല്‍പെ ഒഴുക്കില്‍പ്പെടുന്നതും ഇതിനിടെ കണ്ടു. നേവി സംഘം ഉടന്‍ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തി ബോട്ടിലേക്ക് കയറ്റുകയായിരുന്നു. ലൈഫ് ലൈനായ കയര്‍ പൊട്ടിയതാണ് അദ്ദേഹം ഒഴുക്കില്‍പ്പെടാന്‍ കാരണം. എന്നിട്ടും പിന്തിരിയാതെ പിന്നെയും ആറ് തവണ അദ്ദേഹം അര്‍ജുനെ കണ്ടെത്താന്‍ ഡൈവ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




