താനൂരില്‍ സ്‌കൂട്ടറുമായി കടന്നുകളഞ്ഞത് 15 വയസ്സുകാരന്‍

താനൂര്‍: സ്‌കൂട്ടര്‍ മോഷണം പോയതിന്റെ സിസിടിവി ദൃശ്യം കണ്ട് പ്രതിയായ യുവാവിനെ തേടി പോയ പോലീസ് ശരിക്കും ഞെട്ടി. ദ്യശ്യത്തില്‍ കണ്ട യുവാവിന് വയസ്സ് 15.

കഴിഞ്ഞയാഴ്ച താനൂര്‍ വാഴക്കതെരുവ് അങ്ങാടിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് മോഷണം പോയത്. പാലത്തിന് സമീപം മില്‍മാ ബൂത്തിന് എതിര്‍വശത്ത് സ്‌കൂട്ടര്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങാന്‍ പോയ മൂലക്കല്‍ സ്വദേശി പൊട്ടിന്റെകത്ത് അബ്ദുറഹ്മാന്‍ കുട്ടിയുടെ കെഎല്‍ 55 എസ് 2378 നമ്പര്‍ വെള്ള ആക്ടിവാ സ്‌കൂട്ടര്‍ തിരിച്ചെത്തിയപ്പോള്‍ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു യുവാവ് ഈ സ്‌കൂട്ടര്‍ ഓടിച്ച് പോവുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞതായി കണ്ടെത്തി. ഇയാള്‍ മാസ്‌ക് ധരിച്ചതിനാലും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തത ഇല്ലാത്തതിനാലും ഏറെ പ്രയാസപ്പെട്ടാണ് പോലീസ് അന്വേഷണം നടത്തിയത്.പട്ടാപകല്‍ നടന്ന സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ പോലീസ് തിരഞ്ഞത് 150ഓളം സിസി ടിവി ഫൂട്ടേജുകളാണ്.

ഒടുവിലാണ് മോഷണം നടത്തിയ ആള്‍ പതിനഞ്ചുകാരനാണെന്ന് തിരിച്ചറിയുന്നത്.

ഉണ്യാല്‍ സ്വദേശിയാണ് പിടിയിലായ 15 വയസ്സുകാരന്‍. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയതായി താനൂര്‍ സി.ഐ പി പ്രമോദ് പറഞ്ഞു. എസ്.ഐ നവീന്‍ ഷാജ്, സബറുദ്ദീന്‍, സലേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

Share news
error: Content is protected !!
Scroll to Top