Section

malabari-logo-mobile

കാലം മാറി കഥമാറി… ടീച്ചര്‍ നിസംഗതയോടെ മാറിനിന്നാല്‍ മതിയോ..?

HIGHLIGHTS : ഒരിടത്തൊരിടത്ത്... ഒരിടത്തൊരിടത്തൊരിടത്ത്..... പണ്ടു പണ്ട്... വളരെ പണ്ട്..... കഥയുടെ ഈണവും താളവും കാതിൽ മുഴങ്ങുന്നു.. കുഞ്ഞുനാളിലെ കഥ കേൾക്കലും ,ക...

ഒരിടത്തൊരിടത്ത്… ഒരിടത്തൊരിടത്തൊരിടത്ത്….. പണ്ടു പണ്ട്… വളരെ പണ്ട്…..
കഥയുടെ ഈണവും താളവും കാതിൽ മുഴങ്ങുന്നു.. കുഞ്ഞുനാളിലെ കഥ കേൾക്കലും ,കഥ പറച്ചിലും പിന്നീട് ജീവിതത്തെ സ്വാധീനിക്കാം എന്നൊരിക്കൽ വായിച്ചതോർക്കുന്നു.. മുത്തശ്ശിക്കഥകളിലൂടെ മനസിൽ തെളിയുന്ന ചില രൂപങ്ങൾ പിൽക്കാലത്ത് പ്രയാസങ്ങളുണ്ടാക്കുന്നതായും കേട്ടിട്ടുണ്ട്.. എന്തായാലും കഥകൾ വെറും കഥകളല്ലെന്നും കാര്യങ്ങൾ കൂടിയാണെന്നും ഞാൻ വിശ്വസിക്കുന്നു.. അധ്യാപന രംഗത്തേക്ക് വരാനുള്ള പരിശീലനത്തിൽ “കഥയുടെ പ്രാധാന്യം ക്ലാസ് മുറികളിൽ ” എന്നൊരു സെമിനാറിൽ പങ്കെടുത്തിട്ടുണ്ട്.. ഏതൊരു വിഷയവും ക്ലാസിൽ കഥ പോലെ രസകരമായി അവതരിപ്പിക്കണം എന്നൊരു ഉപദേശവും മനസിൽ പതിഞ്ഞു കിടപ്പുണ്ട്….

23 വർഷം ഈ രംഗത്ത് പിന്നിടുമ്പോൾ ഞാനെനിക്ക് 50% മാർക്കേ നൽകുന്നുള്ളൂ.. അതു കൊണ്ട് തന്നെ എന്റെ നിഗമനങ്ങളും പാതിയേ ശരിയാവുന്നുണ്ടാവുകയുള്ളൂ.. പക്ഷെ എന്നിട്ടും പറഞ്ഞു പോവുകയാണ്.. ഏറ്റവും ശ്രമകരവും എന്നാൽ രസകരവും ഒന്നാം ക്ലാസിലെ അധ്യാപികയാവുകയാണ് എന്നു് ഞാൻ കരുതുന്നു.. പലപ്പോഴും അനുഭവിച്ചറിഞ്ഞതാണ്.. 9 വർഷം മുൻപ് ഒന്നാം ക്ലാസിലായിരുന്ന പ്പോൾ ഒരു കുട്ടി തോരാമഴയുടെ ഭാഗമായുണ്ടായ വെള്ളക്കെട്ടിൽ വീണു മരിച്ചു.. ആ ദുരന്തം മാനസികമായി വല്ലാതെ തളർത്തി.. അതു കൊണ്ടു തന്നെ പിന്നീട് ഒന്നാം ക്ലാസ് ഒഴിവാക്കി… വീണ്ടും ഈ വർഷം… ഒന്ന് ശ്രമിക്കാം എന്ന് കരുതി.. രസകരവുമാക്കാം…
പറഞ്ഞു വന്നത് “കഥ” യെക്കുറിച്ചാണ്.. എന്റെ കുട്ടിക്കാലത്തെ കഥയോർമയിൽ ഇന്നും മുഴുവനാക്കാത്ത ഒരു കഥയുണ്ട്.. ടൈം ടേബിളിൽ ” ചിത്രം” എന്നാണെങ്കിലും ആ പിരീഡ് വന്നിരുന്ന മുഹമ്മദലി മാഷ് ഒരിക്കൽ മാത്രം ചിത്രം വരയ്ക്കുകയും പിന്നീടെന്നും കഥ പറയുകയുമായിരുന്നു… ആകാംക്ഷയോടെ ആ പിരീഡിന്‌ വേണ്ടി കാത്തു നിന്നത്..ഒരു ദിവസം വളരെ കുറച്ചേ പറയൂ.. ഒരു സസ്പെൻസ് ബാക്കി വെക്കും.. വർഷം മുഴുവൻ കഴിഞ്ഞിട്ടും കഥ മുഴുവനായില്ല.. പിന്നീട് വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ സഹപ്രവർത്തകയായപ്പോൾ ഞാനത് പറയുകയും ചെയ്തു.. ആ കഥയൊന്നു മുഴുവനാക്കണേ എന്ന്.. അത് സംഭവിച്ചില്ല….
ഏതു പ്രായത്തിലുള്ളവരേയും രസിപ്പിക്കുന്നതാണ് കഥകൾ.. അതിന്റെ നിലവാരം രീതികൾ മാറുന്നു എന്നേയുള്ളൂ.. സംഭവങ്ങൾ.. നാടകം.. സിനിമ.. സീരിയൽ.. ചെറുകഥ .. നോവൽ.. എല്ലാം കഥകൾ തന്നെ.. മാറുന്ന കാലഘട്ടത്തിൽ കുട്ടികളും കഥയും എന്നതാണ് എന്നെ ചിന്തിപ്പിക്കുന്നത്.. കാലം മാറി കഥ മാറി എന്നൊരു നിസംഗതയോടെ മാറി നിന്നാൽ മതിയോ…?
പഴയ കഥകളെല്ലാം ന്യൂ ജെൻ ആക്കി വിപണിയിലെത്തി.. പണ്ടത്തെ മുന്തിരി ഇപ്പോൾ പുളിക്കാറില്ല.. ആമ മുയലിനെ തോൽപിക്കാറില്ല.. പുതിയ തന്ത്രങ്ങൾ വന്നു.. കുറുക്കൻ ഒറ്റയ്ക്ക് ചാടാതെ കൂട്ടുകാരെ കൂട്ടി വന്ന് തോളിൽ കേറി മുന്തിരി പറിക്കുന്നു… മുയൽ ഉറങ്ങുന്നതിനു മുൻപ് ആമയ്ക്ക് കടന്നു പോകാനാവാത്ത വിധം വഴിയിൽ തടസങ്ങളുണ്ടാക്കി വെക്കുന്നു.. “ഭാവന “വികസിക്കട്ടെ.. വിഷ്വൽ സാധ്യതകളും ധാരാളം.. പണ്ട്…. മുയൽ ഉറങ്ങുമ്പോൾ ആ മ എങ്ങനെയായിരിക്കും കടന്നു പോയിരിക്കുക എന്ന് മനസിൽ സങ്കൽപ്പിക്കാനേ കഴിയൂ.. ഇന്നതല്ല.. അതിന്റെ ചിത്രീകരണം കാണാം.. ഇത് കുട്ടികൾക്ക് രസകരമാണ് അതിലുപരി മനസിലാക്കാൻ എളുപ്പമാണ്.. സ്വന്തം തല പുകയ്ക്കണ്ട.. ഈ എളുപ്പമാക്കൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് എന്റെ തോന്നൽ..കുട്ടിക്കാലത്ത് കേട്ട കഥയുടെ ബാക്കി അറിയാൻ 21 മാം വയസിലും കൊതിച്ച ബാലിശമായ മനസിന്റെ ചിന്തയാവാം.. എങ്കിലും.. ഇന്ന് കുട്ടികൾ ആരൊക്കെയോ എളുപ്പമാക്കി വെച്ചിരിക്കുന്ന വഴികളിലൂടെയാണ് സഞ്ചരിക്കുന്നത് എന്നതാണ് സത്യം..
ഒന്നാം ക്ലാസിൽ ആദ്യ ദിനങ്ങളിൽ കളികളും.. കഥകളും.. പാട്ടുകളും. സൗഹൃദ സംഭാഷണങ്ങളുമാണ് പതിവ്.. കളികൾ പോലും കുട്ടികളെ ആവേശത്തിലാകുന്നില്ല. അവരുടെ അഭിരുചി മാറിയിരിക്കുന്നു. നമ്മുടെ സ്റ്റോക്ക് പഴഞ്ചനും.. അതായിരിക്കും കാരണം.. കഥയിലേക്ക് കടന്നപ്പോൾ ,, ആമയും മുയലും കഥ കേട്ടിട്ടുണ്ടോ എന്നു ചോദിക്കേണ്ട താമസം എല്ലാരും കേട്ടിരിക്കുന്നു.. എങ്കിൽ ആരാണ് അതൊന്ന് പറയുക എന്നു ചോദിച്ചപ്പോൾ രണ്ട് മൂന്ന് പേർ റഡി.
“ആമയും മുയലും പന്തയം വെച്ചു..
ഓട്ടമത്സരം നടത്തി..
ആമ സ്ലോ..
മുയൽ സ്പീഡിൽ
മുയൽ ഉറങ്ങി..
ആമ ജയിച്ചു.. ”
കഥ കഴിഞ്ഞു..
ഇങ്ങനെ പോരാ .. കഥ ക യാ യി പറയണം. എന്ന് ഞാൻ..
പഴയ പോലെ.. പണ്ട് പണ്ട്.. ഈണത്തിൽ താളത്തിൽ . ആംഗ്യങ്ങളും ശബ്ദവ്യതിയാനവും ഒക്കെയായി കഥ പറഞ്ഞു.. കുറച്ചു പേർ ആസ്വദിച്ചു.ഭൂരിഭാഗം പേരും അക്ഷമരായി..
ഇതിന്റെ വീഡിയോ കാണിച്ചൂടായിരുന്നോ എന്ന്..
കഥ പറച്ചിൽ ഒരു ജോലിയാണ് പലയിടത്തും.. [story teller]. അത്തരം സ്ഥാപനങ്ങൾ.. അവർ നടത്തുന്ന ക്യാംപുകൾ ഒക്കെ പുതിയ കാലത്തിന്റെ മാറ്റങ്ങളാണ്..
എല്ലാം പെട്ടെന്ന് തീർക്കുക എന്നത് ഈ മാറിയ കാലത്തിന്റെ രീതിയാണ്. ജീവിതം പോലും.. പെട്ടെന്ന് സ്പീഡായി.. എല്ലാം വേഗം അറിയുക അനുഭവിക്കുക.. ഫാസ്റ്റ്…
അവിടെ ആമ ഇഴഞ്ഞിഴഞ്ഞ്..ഇഴഞ്ഞിഴഞ്ഞ് .പതുക്കെ പതുക്കെ .. എന്നു പറയുന്നതിലെ അസ്വാഭാവികത ഉൾക്കൊള്ളേണ്ടത് ഞാനാണ്..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!