
കോഴിക്കോട്: ശുചിത്വപരിപാലനം സംസ്‌കാരത്തിന്റെ പ്രതിഫലനമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി ജില്ലാ മാലിന്യമുക്ത പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ സ്വന്തം നാട് ശുചിത്വ പൂര്‍ണമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനു വേണ്ട വലിയ അദ്ധ്വാനമാണ് മാലിന്യമുക്ത നവകേരള പദ്ധതി വഴി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിറവേറ്റിയതെന്നൂം അത് നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ കൂടി കൈക്കൊള്ളണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മാലിന്യ സംസ്‌കരണം ആദ്യ ഘട്ടത്തില്‍ ആവശ്യമായിരുന്നെങ്കില്‍ പിന്നീടത് ആവേശമായി പടരുന്ന കാഴ്ചക്കാണ് സംസ്ഥാനം സാക്ഷിയായതെന്നും പിന്നില്‍ പ്രയത്‌നിച്ച മുഴുവന്‍ പേര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
നമ്മുടെ ശുചീകരണ പദ്ധതികളുടെ വിജയം നിര്‍ണയിക്കുന്നത് നമ്മുടെ പാതയോരങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളാണ്. സ്വന്തം ശരീരം ശുചിയാക്കാന്‍ കാണിക്കുന്ന സൂക്ഷ്മത മലയാളി പലപ്പോഴും പരിസര ശുചിത്വത്തില്‍ കാണിക്കുന്നില്ലെന്നതാണ് വെല്ലുവിളി. അത് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അഭിസംബോധന ചെയ്ത് ശീലങ്ങളെ സ്വാധീനിക്കാനും കൂടുതല്‍ ക്രമപ്പെടുത്താനും സാധിക്കണം. അര്‍പ്പണബോധത്തോടെയും പ്രതിബദ്ധതയോടെയുമുള്ള പ്രയത്നമാണ് അതിനാവശ്യം, മന്ത്രി ഓര്‍മ്മപ്പെടുത്തി. ഉന്നതമായ ഇത്തരം സമൂഹിക ബോധ്യങ്ങളെ ശക്തിപ്പെടുത്താന്‍ യോജിച്ച മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലയിലെ എഴുപത് ഗ്രാമപഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോഴിക്കോട് കോര്‍പ്പറേഷനും മാര്‍ച്ച് മുപ്പതിനും പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ ഏപ്രില്‍ മൂന്നാം തിയ്യതിയും മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. കാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ 5,468 ഹരിത സ്ഥാപനങ്ങളും 1,480 ഹരിത വിദ്യാലയങ്ങളും 27,618 ഹരിത അയല്‍കൂട്ടങ്ങളും 276 ഹരിത സുന്ദര ടൗണുകളും 808 വൃത്തിയുള്ള പൊതു സ്ഥലങ്ങളും 29 ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളും മാലിന്യ മുക്ത കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം ഇതുവഴി കൈവരിച്ചു.
അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നിര്‍വഹണ സമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പിപി നിഷ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്‍പി ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മാലിന്യ സംസ്‌കരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പഞ്ചായത്തായി മണിയൂര്‍ (ഒന്നാം സ്ഥാനം), തലക്കുളത്തൂര്‍, പെരുമണ്ണ (രണ്ട്), മേപ്പയൂര്‍, കുറ്റ്യാടി (മൂന്ന്), ബ്ലോക്കായി കുന്നുമ്മല്‍ (ഒന്ന്), കോഴിക്കോട് (രണ്ട്), പേരാമ്പ്ര (മൂന്ന്), മുനിസിപ്പാലിറ്റിയായി വടകര, കൊയിലാണ്ടി (ഒന്ന്), പയ്യോളി, മുക്കം (രണ്ട്) എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.
ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൃത്തി 2025 അവതരണം നടത്തി. തുടര്‍ന്ന് കുടുംബശ്രീ മിഷന്റെ കലാപരിപാടികളും മജീഷ്യന്‍ പ്രദീപ് ഹുഡിനോയുടെ ശുചിത്വ മാലിന്യ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക് ഷോയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ലീഷ മോഹന്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




