തിരുവനന്തപുരം:ലോകത്തെവിടെയും സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദേശ റിക്രൂട്ട്മെന്റ്: ഏകദിന ഗ്ലോബല്‍ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ പ്രവാസ ജീവിതത്തിന് ഒരു ചരിത്രമുണ്ട്. ഇന്ന് ലോകത്തിലെ എല്ലാ കോണുകളിലും മലയാളികള്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു. തൊഴില്‍ അന്വേഷിച്ചുള്ള കുടിയേറ്റം എന്ന ആദ്യകാലങ്ങളിലെ മുന്‍ഗണന കാഴ്ചപ്പാടിന് പിന്നീട് മാറ്റം വന്നു. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ വലിയ നിക്ഷേപകരായ മലയാളികളും വിദേശ സര്‍വകലാശാലകളില്‍ ഉന്നത വിജയം കൈവരിക്കുന്ന മലയാളികളും ഉണ്ട്. പ്രവാസി രൂപത്തില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മലയാളികള്‍ ശ്രദ്ധേയരായിക്കഴിഞ്ഞു. നിരവധി ലോകരാജ്യങ്ങളുടെ പൊതു സാംസ്‌കാരിക ധാരയോടൊപ്പം ചേരുകയും അതിന് നേതൃത്വം നല്‍കുന്നവരായും നമ്മള്‍ മാറി.
ഔദ്യോഗിക രേഖ പ്രകാരം കാല്‍ കോടിയോളം മലയാളികള്‍ പ്രവാസികളായി കേരളത്തിനു പുറത്തുണ്ട്. 2023-ലെ കേരള മൈഗ്രേഷന്‍ സര്‍വ്വേ വ്യക്തമാക്കുന്നത്, കുടിയേറ്റത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുവരുന്നു എന്നാണ്. മുന്‍പ് പ്രവാസി എന്ന് പറഞ്ഞാല്‍ പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികളെയാണ് ഉദ്ദേശിച്ചത്. അത് ഏറെക്കുറെ ശരിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ശതമാനം കുറയുകയും, യുവാക്കള്‍ ജര്‍മ്മനി, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തോടൊപ്പം, കുടിയേറ്റത്തിന്റെ സ്വഭാവത്തിലും മാറ്റം വന്നു. ആദ്യ കാലങ്ങളില്‍ ഐടി, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ക്കായിരുന്നു പ്രാധാന്യം. മാനേജ്മെന്റ്, അക്കാദമിക മേഖലകളില്‍ ഇന്ന് ധാരാളം പേര്‍ തൊഴിലെടുക്കുന്നു. പ്രവാസി മലയാളികളില്‍ 11% വിദ്യാര്‍ഥികളാണ് എന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങള്‍ നല്ല ലക്ഷണങ്ങളാണ്. എന്നാല്‍ ഈ മാറ്റങ്ങള്‍ക്കൊപ്പം ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്.
പ്രവാസികളുടെ വിഷയങ്ങള്‍ പരിഗണിക്കുന്ന കാര്യത്തില്‍ നല്ല താല്‍പര്യമെടുക്കുന്ന സംസ്ഥാനമാണ് കേരളം. യഥാര്‍ത്ഥത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു വകുപ്പിന് കേരളത്തില്‍ രൂപം നല്‍കിയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ ശ്രമം പിന്നീട് നോര്‍ക്ക റൂട്ട്സ് എന്ന പേരില്‍ പ്രവാസ ജീവിതത്തിന്റെ ഭാഗമായി മാറി. ഇന്ന് ഏതെങ്കിലും തരത്തില്‍ നോര്‍ക്കയുമായി ബന്ധപ്പെടാത്ത പ്രവാസി മലയാളികള്‍ ഉണ്ടാകില്ല.
നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നു.രണ്ട് പദ്ധതികളുമായി പ്രവര്‍ത്തനമാരംഭിച്ച നോര്‍ക്ക ഇന്ന് മുപ്പതോളം പദ്ധതികള്‍ നടപ്പിലാക്കുന്നു. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമ്മുടെ നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് ഇവിടെ രൂപംകൊണ്ട ലോക കേരള സഭ. പ്രവാസികളുടെ അഭിപ്രായങ്ങള്‍ ആരായാനും വികസനത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഇത് പ്രവര്‍ത്തിക്കുന്നു.
പ്രവാസികളുടെ സംഭാവന എന്നത് അവിടുന്ന് കാലാകാലങ്ങളില്‍ ലഭിക്കുന്ന പണത്തില്‍ ഒതുങ്ങുന്ന ഒന്നല്ല. പ്രവാസ ജീവിതം നയിക്കുന്നവരില്‍ ഒരുപാട് രംഗത്തെ വിദഗ്ധരും പ്രതിഭകളും ഉണ്ട്. അവരുടെ വൈദഗ്ധ്യവും പ്രതിഭയും അവിടെ ജോലി ചെയ്തുകൊണ്ടുതന്നെ നാടിന്റെ വികസനത്തിനുവേണ്ടി ഉപയോഗിക്കണം. കേരളത്തിന്റെ വികാസത്തിന് പ്രവാസി മലയാളികളുടെ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുന്ന നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നൈപുണ്യ പരിശീലന പരിപാടികളടക്കം സംഘടിപ്പിക്കുന്നു. ഇതിലൂടെ അവരുടെ തൊഴില്‍ പരിചയം കേരളത്തിലെ തൊഴില്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടാക്കുന്നു. ജര്‍മനിയുമായി സഹകരിച്ചുകൊണ്ടുള്ള നൈപുണ്യ പ്രോഗ്രാമുകളും യുകെ, കാനഡ രാജ്യങ്ങളുമായി സഹകരിച്ചുള്ള തൊഴില്‍ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 1983-ലെ നിയമത്തിന് പകരമായി ‘എമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് 2025’ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനെക്കുറിച്ചുള്ള ക്രിയാത്മകമായ അഭിപ്രായങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവരെല്ലാം ഇവ ചര്‍ച്ച ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
കുടിയേറ്റ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ പ്രാധാന്യത്തോടെ കണ്ട് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇടപെടലുകള്‍ നടത്തും. ഇതിനായി കുടിയേറ്റ സെല്‍, പരാതി പരിഹാര സംവിധാനം, ഓരോ രാജ്യത്തെയും ജീവിത സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
നിയമപരമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം സ്ഥാപനങ്ങളും ഏജന്റുമാരും ഉണ്ട്. എന്നാല്‍, വിദേശത്ത് തൊഴിലോ വിദ്യാഭ്യാസമോ ആഗ്രഹിക്കുന്നവരെ ചൂഷണം ചെയ്യുന്ന, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും സാധാരണക്കാരനെ കബളിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെയും ഏജന്റുമാരെയും അംഗീകരിക്കാനാവില്ല. ഒരാള്‍ക്ക് പോലും ദുരനുഭവം ഇല്ലാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. സുരക്ഷയും സുതാര്യതയും ഉള്ള രീതിയില്‍ ഈ മേഖലയെ മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവരും തയ്യാറാകണം. കോണ്‍ക്ലേവിലെ ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ ഈ രംഗത്ത് ചെയ്യേണ്ട കാര്യങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ സഹായകമാകും. അത് പ്രവാസി സഹോദരങ്ങള്‍ക്ക് സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഈ കോണ്‍ക്ലേവ് വന്‍ വിജയമാകട്ടെ എന്ന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (സിപിവി & ഒഐഎ) അരുണ്‍ കുമാര്‍ ചാറ്റര്‍ജി ചടങ്ങിനെ അഭിസംബോധന ചെയ്തു.
വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ ജിന ഉയിക, സുരീന്ദര്‍ ഭഗത്, ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ അരവിന്ദ് മേനോന്‍, പ്രോട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) മേജര്‍. ശശാങ്ക് ത്രിപാഠി, റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ജീവ മരിയ ജോയ്, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ,കെ ഡി ഐഎസ്സി മെമ്പര്‍ സെക്രട്ടറി പി.വി, ഉണ്ണികൃഷ്ണന്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, നോര്‍ക്ക വകുപ്പ് സെക്രട്ടറി അനുപമ. ടിവി തുടങ്ങിയവര്‍ പങ്കെടുത്തു.
നൂതനാശയം, സുരക്ഷ, സഹകരണം എന്നിവയിലൂടെ വിദേശ റിക്രൂട്ട്‌മെന്റ് പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോണ്‍ക്ലേവ്. പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് (എറണാകുളം ,കൊച്ചി), വിദേശകാര്യ മന്ത്രാലയം എന്നിവയുടെ അഭിമുഖ്യത്തില്‍ കേരള ഗവണ്‍മെന്റിന്റെ നോണ്‍ റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുമായി (നോര്‍ക്ക) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ച് സെഷനുകളിലായി പുതിയ കുടിയേറ്റ രംഗങ്ങളിലെ (EU, ജപ്പാന്‍, GCC, കാനഡ) ആവശ്യകത മനസ്സിലാക്കല്‍, കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നൈപുണ്യ വികസനം – നൈപുണ്യമുള്ളതും ഭാവിക്ക് അനുയോജ്യമായതുമായ ഒരു പ്രതിഭാ അടിത്തറ കെട്ടിപ്പടുക്കല്‍, ന്യായവും സുതാര്യവുമായ കുടിയേറ്റത്തിലേക്കുള്ള വഴികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.




