തദ്ദേശ തെരഞ്ഞെടുപ്പ്: തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്ക് പരിശീലന ക്ലാസ് തുടങ്ങി

മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വരണാധികാരി, ഉപവരണാധികാരി, ക്ലര്‍ക്ക് എന്നിവര്‍ക്കുള്ള പരിശീലന ക്ലാസിന് തുടക്കമായി. ജില്ലാ പ്ലാനിങ് സെക്രട്ടേറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന ക്ലാസിന്റെ ആദ്യ ദിവസം നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി എന്നീ ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കിയത്.

തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി.ആര്‍. ജയന്തിയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ പോസ്റ്റല്‍ ബാലറ്റ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെ പോളിംഗ് സാമഗ്രികളുടെ വിതരണം, തെരെഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പരിശീലനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

തദ്ദേശ സ്വയംഭരണ വിഭാഗം ജോയന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, കളക്ട്രറേറ്റ് സീനിയര്‍ സൂപ്രണ്ട് ആന്റ് ട്രെയിനിംഗ് നോഡല്‍ ഓഫീസര്‍ കെ.പി. അന്‍സു ബാബു, മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ.എ. അബ്ദുള്‍ ഗഫൂര്‍, വി.ബി. ബിനു, എ. നൗഷാദ്, സി.പി. പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു. വിവിധ ഉദ്യോഗസ്ഥര്‍ക്ക് ഒക്ടോബര്‍ ഒന്‍പത് വരെ  പരിശീലനം തുടരും. ജില്ലയിലെ നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് ഒക്ടോബര്‍ 10നാണ് പരിശീലനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

 

Share news
error: Content is protected !!
Scroll to Top