
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. പ്രതിദിനം തൊണ്ണൂറായിരം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് സന്നിധാനത്ത് എത്തും.
വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. മറ്റന്നാള്‍ മുതല്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കും. നിര്‍മ്മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ നടക്കും. ഉഷ പൂജ 7.30 മുതല്‍ 8 വരെ നടക്കും. 12 മണിക്കാണ് ഉച്ച പൂജ. 6.30ന് ദീപാരാധനയും രാത്രി 9.15 മുതല്‍ അത്താഴ പൂജയും നടക്കും. 10.45ന് ഹരിവരാസനം ചൊല്ലി 11.00 മണിയോടെ നട അടയ്ക്കും.
വൈകീട്ട് അഞ്ച് മണിക്ക് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
6.30ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകൾ ഇല്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം.
ഡിസംബർ 26ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 27നാണ് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. ഡിസംബർ 30ന് വൈകീട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




