ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം

തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് വിധിയുണ്ടായിരിക്കുന്നത്.

41 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് തന്ത്രിയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതുവരെ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമായിരുന്നു ലഭിച്ചിരുന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി തന്ത്രിക്ക് ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു കൊല്ലം വിജിലന്‍സ് കോടതി വിധി പറഞ്ഞത്.

ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ എസ്‌ഐടി ഹാജരാക്കിയിരുന്നു. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍, ആചാരപരമായ കാര്യങ്ങളില്‍ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top