Section

malabari-logo-mobile

കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള ചട്ടം പ്രാബല്യത്തില്‍

HIGHLIGHTS : Rules for Regularization of Buildings in force

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള കേരള മുനിസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കല്‍ ചട്ടം 2023, കേരള പഞ്ചായത്ത് അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കല്‍ ചട്ടം 2023 എന്നിവ നിലവില്‍ വന്നു. 2019 നവംബര്‍ ഏഴിനുമുമ്പ് നിര്‍മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്താം. വിജ്ഞാപനം ചെയ്ത റോഡുകളില്‍നിന്ന് മൂന്നു മീറ്റര്‍ ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങളും ക്രമവല്‍ക്കരിക്കാം. നടപടികള്‍ ലഘൂകരിച്ചു. 100 ചതുരശ്ര മീറ്റര്‍വരെയുള്ള വീടുകളെ അപേക്ഷാ ഫീസില്‍നിന്ന് ഒഴിവാക്കി. നേരത്തേ ഇത് 60 ചതുരശ്ര മീറ്റര്‍വരെയായിരുന്നു. വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും അപേക്ഷാ ഫീസും വെട്ടിക്കുറച്ചു. മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാ ഫീസുകള്‍ ഏകീകരിച്ചു. അംഗീകൃത നഗര വികസന പദ്ധതികള്‍ക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, നെല്‍വയല്‍ -തണ്ണീര്‍ത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങളാണ് ക്രമവല്‍ക്കരിക്കുന്നത്. ഇതിന് ആവശ്യമായ രീതിയില്‍ 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തിരാജ് ആക്ടിലെ 235 എ ബി(1) വകുപ്പ് എന്നിവ ഭേദഗതി ചെയ്താണ് ചട്ടം നിലവില്‍ വന്നത്. വിവിധ തരം ചട്ടലംഘനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴ ഒടുക്കണം. പല കാരണങ്ങളാല്‍ ചട്ടലംഘനം ഉണ്ടായിട്ടുള്ള നിരവധി കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ സാധിക്കാത്തതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ചട്ടം രൂപീകരിച്ചതെന്നും കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വര്‍ധന ഉണ്ടാക്കാനും ഇത് സഹായിക്കുമെന്നും തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു.

തദ്ദേശ സെക്രട്ടറിക്ക് അപേക്ഷ നല്‍കാം
അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും കെട്ടിടത്തിന്റെ പ്ലാനും മറ്റ് അനുബന്ധ രേഖകളും തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് നല്‍കണം. ഫീസും ഒടുക്കണം. ഇവ ജില്ലാതല ക്രമവല്‍ക്കരണ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. ജില്ലാ ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനും ജില്ലാ ടൗണ്‍ പ്ലാനര്‍ കണ്‍വീനറും ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിയും എന്‍ജിനിയറും അംഗങ്ങളുമായതാണ് കമ്മിറ്റി. തീരുമാനത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് സംസ്ഥാന അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാം.

sameeksha-malabarinews

പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ചെയര്‍മാനും ചീഫ് ടൗണ്‍ പ്ലാനര്‍ കണ്‍വീനറുമായ സംസ്ഥാന കമ്മിറ്റിയില്‍ റൂറല്‍/ അര്‍ബന്‍ ഡയറക്ടര്‍, ചീഫ് എന്‍ജിനിയര്‍ എന്നിവര്‍ അംഗങ്ങളാണ്. സംസ്ഥാന അപ്പീല്‍ കമ്മിറ്റിയുടെ തീരുമാനത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് അപ്പലറ്റ് അതോറിറ്റിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അപ്പീല്‍ നല്‍കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!