Section

malabari-logo-mobile

പോയവര്‍ഷം അട്ടിമറിക്കപെട്ട ദേശീയതയിലേക്കുള്ള തിരിഞ്ഞു നോട്ടം.

HIGHLIGHTS : എക്കാലത്തേക്കാളും ശക്തമായി പൗരന്റെ ദേശീയത മറ്റെല്ലാതിനും മുകളില്‍ ചര്‍ച്ചചെയ്ത ഒരു വര്‍ഷമായിരുന്നു 2018.

ഡോ. സി.കെ റോയ്

എക്കാലത്തേക്കാളും ശക്തമായി പൗരന്റെ ദേശീയത മറ്റെല്ലാതിനും മുകളില്‍ ചര്‍ച്ചചെയ്ത ഒരു വര്‍ഷമായിരുന്നു 2018.

sameeksha-malabarinews

മനുഷ്യന് മുകളില്‍ പശു ശക്തമായി അവരോധിക്കപ്പെട്ട കാലം കൂടിയായിരുന്നു കഴിഞ്ഞു പോയത്. ദേശീയഗാനം മുതല്‍ പട്ടേല്‍ പ്രതിമ വരെ വിമര്‍ശനാതീതമായ രാജ്യസ്‌നേഹ മാതൃകകളാക്കി മാറ്റുന്നതില്‍ ഭരണകൂടം ഏറക്കുറേ വിജയിച്ച വര്‍ഷം.

എക്കാലത്തെ പോലെയും സംഘപരിവാര്‍ അവരുടെ ദേശസ്‌നേഹ, ട്രംകാര്‍ഡായ പട്ടാളത്തെ യഥാക്രമം ഉപയോഗിച്ചുകൊണ്ടേയിരുന്നു എന്നത് മാത്രമാണ് പുതിയതല്ലാതിരുന്നത്.

24 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.ഇതിലേറെയും നടന്നത് പശുവിന്റെ പേരിലാണ്.ഭക്ഷണം മൗലിക അവകാശമായ രാജ്യത്താണ് ഈ വേട്ടയാടല്‍ നടക്കുന്നത് എന്ന യാഥാര്‍ഥ്യം അത്യന്ധം ഭീതിജനകമായ സാഹചര്യത്തിലേക്കായിരുന്നു കൊണ്ടെത്തിച്ചത്.

2015ഇല്‍ രാജ്യ തലസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന ദാദ്രിയില്‍ നൂറോളം ഗോ സംരക്ഷകരാല്‍ ക്രൂരമായി കൊല്ലപ്പെട്ട മുഹമ്മദ് അഖിലാക്കില്‍ തുടങ്ങിയ പരസ്യമായ കൊലപാതക പരമ്പരകള്‍,ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറില്‍ എത്തിനില്‍ക്കുന്നു.

മൃഗമല്ലാതാകുന്ന പശു

രാജ്യം 2018ഇല്‍ ഏറെ കേട്ട ഒരു പേരായിരുന്നല്ലോ പശു.ആദ്യമെല്ലാം തമാശക്ക് വകയുള്ള ഒന്നായിരുന്നെങ്കിലും പിന്നീടത് സ്വപ്നം കണ്ട് ഞെട്ടി ഉണരാന്‍ പോന്ന ഒന്നായി പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നല്ലോ. കേവലം ഒരു സാധു ജീവിയെ മതത്തിന്റെയും ദേശീയതയുടെയും ഭീമാകാര രൂപമാക്കി മാറ്റുന്നതില്‍ ഗോ സംരക്ഷകര്‍ക്കും സംഘപരിവാറിനും എളുപ്പത്തില്‍ ലക്ഷ്യം കാണാന്‍ കഴിഞ്ഞു.എന്നത് ഒരു ജനാധിപത്യ മതേതര രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ ഭീതിജനകമായ ഒന്നാണ്.

കാണാതായ 14 വയസ്സുകാരന്‍ ഇമത്യാസ് ഖാനെ ഒടുവില്‍ കിട്ടിയത് മരക്കൊമ്പില്‍ തൂങ്ങിയാടുന്ന ശവശരീരമായാണ്. പിന്നീടത് മാതൃകയാക്കാന്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്വയം അവരോധിതരായ ദേശീയ വാദികള്‍ വലിയ തിരക്ക് കൂട്ടുന്നതും രാജ്യം കണ്ടതാണ്.

അവര്‍ ശബ്ദം നഷ്ട്ടപെട്ട മനുഷ്യ ശരീരങ്ങള്‍ തൂങ്ങിയാടുന്ന മരങ്ങള്‍ രാജ്യത്തെമ്പാടും പടര്‍ത്തികൊണ്ടേ ഇരുന്നതും 2018 ലെ വികലമാക്കപ്പെട്ട ദേശീയ ചിന്തയുടെ ബാക്കി പത്രമാണ്.

പശുവിന്റെ പേരില്‍ ആക്രമങ്ങള്‍ നടത്തുന്നതിനെതിരെ സബര്‍മതി ആശ്രമത്തില്‍ വച്ച് ഇത് അനുവദിക്കാനാവില്ല എന്ന് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി ആശ്രമത്തിന്റെ പടവിറങ്ങുന്ന സമയത്ത് അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്ന വാര്‍ത്ത ജാര്‍ഖണ്ഡില്‍ ഒരാള്‍ പശുവിന്റെ അടിയേറ്റ് കൊല്ലപ്പെട്ടു എന്നതാണ്.

ഇത്തരത്തില്‍ ആരാലും നിയന്ത്രിക്കാന്‍ പറ്റാത്ത നിലയിലേക്ക് പശു ദേശീയ വികാരത്തിന്റെ അളവുകോലായി പരിണമിക്കുകയായിരുന്നു. ഇന്നും ഖാപ്പ് പഞ്ചായത്തുകള്‍ ഭരണഘടനക്കും മുകളില്‍ മഹത്തരമായി കരുതുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പശു ന്യുനപക്ഷ,ദളിത് മനുഷ്യന് ഒരു പാട് മുകളിലാണ്.

അര്‍ബെന്‍ നക്‌സലൈറ്റ്

2018ല്‍ കേട്ട ഏറെ ആശ്ചര്യമുള്ള ഒരു പ്രയോഗമായിരുന്നു
അര്‍ബെന്‍ നക്‌സലൈറ്റ്. മനുഷ്യാവകാശ,ഇടതുപക്ഷ പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്ത് ജയിലിലിടാന്‍ എളുപ്പത്തില്‍ ഭരണകൂടത്തിന് കഴിയും വിധം, സാമാന്യ മനുഷ്യനെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ഈ പേരുകൊണ്ട് ഭരണ കൂടത്തിനായി എന്നതാണ് യാഥാര്‍ഥ്യം.

സുധ ഭരധ്വാജിന്റേത് ഉള്‍പ്പെടെ നടന്ന അറസ്റ്റുകളെല്ലാം ഇതിന് അടിവരയിടുന്നതുമാണ്.

ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍, താനും അര്‍ബന്‍ നക്‌സലയ്റ്റാണ് എന്ന് എഴുതിയ പ്ലക്കാര്‍ഡുമായി എത്തിയ പ്രശസ്ത സാഹിത്യ കാരനായ ഗിരീഷ് കര്‍ണാടിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായതും, മുകളില്‍ പറഞ്ഞ രീതിയില്‍ ഭരണകൂടം പടച്ചുവിട്ട ഒരു പേര് എത്രത്തോളം ഈ രാജ്യത്തെ പൗരവകാശങ്ങളെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു എന്നതിനുള്ള തെളിവാണ്.

അര്‍ബെന്‍ നക്‌സലൈറ്റ് എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരിലും പൊതുവായുള്ള ഒരു കാര്യം അവര്‍ എല്ലാവരും കടുത്ത മോദി വിരുദ്ധരും സംഘപരിവാര്‍ വിമര്‍ശകരുമായിരുന്നു എന്നതാണ്.

സിനിമയിലെ ദേശീയ ഗാനവും,മുദ്രാവാക്യങ്ങളും.

‘രാജ്യ സ്‌നേഹം എന്റെ ആത്മീയ അഭയമല്ല
എന്റെ അഭയം മനുഷ്യ വംശമാണ്
ജീവിക്കുന്നിടത്തോളം കാലം
മനുഷ്യ വംശത്തിന് മുകളില്‍ ഉയര്‍ന്ന്
നില്‍ക്കാന്‍ രാജ്യ സ്‌നേഹത്തെ ഞാന്‍ അനുവദിക്കില്ല’: ടാഗോര്‍.

ദേശീയ ഗാനത്തിന് ജീവന്‍ നല്‍കിയ അതെ മനുഷ്യന്റെ ദേശീയത സങ്കല്‍പ്പമാണ് മുകളില്‍ ഉള്ളത്.ദേശീയ ഗാനത്തിലെ ദീര്‍ഘ വീക്ഷണത്തോടെയുള്ള വരികളിലൂടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഒന്നാക്കി ചേര്‍ക്കാന്‍ സാധിച്ചതില്‍ ഏറെ വിജയിച്ച പ്രതിഭയാണ് രബീന്ദ്ര നാഥ് ടാഗോര്‍.

എന്നാല്‍ പിന്നീട് ഏറെ തെറ്റിദ്ധരിപ്പിക്കാന്‍ പലരും ആ വരികളെ ഉപയോഗിക്കുന്നു എന്നതും നമ്മള്‍ കണ്ടതാണ്.

സിനിമ തീയേറ്ററുകള്‍ ദേശീയത വളര്‍ത്തേണ്ട ഇടമാണ് എന്ന ചിന്ത മുന്നോട്ട്‌വച്ചവര്‍ക്ക് അത് തിരുത്താന്‍ നിര്‍ബന്ധിതരാകേണ്ടി വന്ന വര്‍ഷം കൂടെയാണ് 2018. ഇത് മിനിമം ടാഗോറിനോടുള്ള നീതിയായെങ്കിലും കരുതാം.

ഒരു ജനതയെ സ്വതന്ത്രരാക്കുന്നതിന്, അവര്‍ക്ക് ഒന്നായി നിന്ന് പോരാടാന്‍ ഭാരതത്തില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യമായിരുന്നല്ലോ ‘ഭാരത് മതാ കി ജയ്’

എന്നാല്‍ ഇന്നത് ഏറെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒന്നായി മാറിയിരിക്കുന്നു.

ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ മുതല്‍ ശബരിമലയിലെ ചില ആചാര സംരക്ഷകരില്‍ വരെ ഉയര്‍ന്നു കേള്‍ക്കുന്ന ഏറെ പരിണാമം സംഭവിച്ച മുദ്രാവാക്യമായി ഇന്നത് രൂപാന്തരപ്പെട്ടിരിക്കുന്നു.

മരുന്ന് വാങ്ങാന്‍ പോയ മുസ്‌ലിം ശരീരമുള്ള മനുഷ്യനെ മര്‍ദ്ധിച്ച് ഭാരത് മാതാ കി ജയ് വിളിപ്പിക്കുന്ന കാഴ്ചയും ഇന്ത്യ കണ്ടതാണ്.ആ മനുഷ്യന്റെ ദയനീയ മുഖം അലോസര പെടുത്താതെ ഉറങ്ങാന്‍ ജനാധിപത്യബോധമുള്ള ഒരുവന് എളുപ്പത്തില്‍ സാധിക്കുന്ന ഒന്നേ അല്ല. ഇത്തരത്തില്‍ അടിമുടി ചരിതം അട്ടിമറിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.

അക്ഷരങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റം.

അക്ഷരങ്ങള്‍ തെരുവില്‍ പിച്ചി ചീന്തുന്ന കാഴ്ച്ച എല്ലാ കാലത്തേക്കാളും ശക്തമായി 2018ല്‍ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഈ നാടിനെ കാണിച്ചുകൊണ്ടിരുന്നു.

പലപ്പോഴായി അക്ഷരങ്ങള്‍ കൂട്ടി ചേര്‍ത്തത്തിന്റെ പേരില്‍ എഴുത്തുകാര്‍ തെരുവില്‍ ആക്രമിക്കപ്പെട്ടു.തങ്ങളുടെ സങ്കുചിത രാഷ്ട്രീയ,മത ബോധത്തിനപ്പുറം ആരും ഒന്നും എഴുതരുത് എന്നും അങ്ങിനെ ചെയ്താല്‍ ആക്രമിക്കപ്പെടും എന്നുമുള്ള ധാരണ പടര്‍ത്താന്‍ ഇത്തരം ഫാസിസ്റ്റുകള്‍ക്ക് ഒരു പരിധി വരെ സാധിച്ചു.

ഇവരെ പേടിച്ച് അക്ഷരങ്ങള്‍ക്ക് നിയന്ത്രണം വരുത്തിയ എഴുത്തുകാരും ഉണ്ടായി എന്നതാണ് ഏറെ വേദനിപ്പിക്കുന്ന യാഥാര്‍ഥ്യം.ആവിഷ്‌ക്കാര സ്വാതന്ത്രം മൗലിക അവകാശമായ രാജ്യത്താണ് അക്ഷരങ്ങള്‍ക്ക് വിലങ്ങ് വീഴുന്ന സാഹചര്യം ഉണ്ടാകുന്നത് എന്നത് ഭരണ ഘടനയ്ക്ക് ഏല്‍ക്കുന്ന വലിയ പരിക്കായി കാണേണ്ടി തന്നെ വരും.

കാണാതാകുന്നവരുടെടെയും, നിശ്ചലതയുടെയും ഇന്ത്യ.

2016 ഒക്ടോബര്‍ 15നാണ് ജെ എന്‍ യു ക്യാമ്പസിനുള്ളിലുള്ള ഹോസ്റ്റലിലെ 106ആം മുറിയില്‍ നിന്ന് നജീബിനെ കാണാതാകുന്നത്.

രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറവും നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് കരഞ്ഞു കുതിര്‍ന്ന ഹൃദയം കൊണ്ട് ജനാധിപത്യ ഇന്ത്യയോട് ചോദിക്കുന്നുണ്ട്, നജീബ് എവിടെയാണെന്ന്?.

രാജ്യത്തെ ഏറ്റവും മികച്ചതും,നീതിയുടെ അവസാന പ്രതീക്ഷയുമായ സി ബി ഐ എന്ന അന്വേഷണ ഏജന്‍സിക്ക് പോലും ഒറ്റ ഉത്തരമേ പറയാനുള്ളൂ,നജീബ് എവിടെയെന്ന് അറിയില്ല.

രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലക്കുള്ളില്‍ പോലും ആരും കാണാതാവുന്ന സാഹചര്യം വിവരണാധീതമാണ്.

നജീബിനെ കാണാതാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് എ ബി വി പിയുമായുണ്ടായ തര്‍ക്കവും മറ്റും ഏറെ ചര്‍ച്ച ചെയ്ത സാഹചര്യവും വിലയിരുത്തേണ്ടതുണ്ട്.

ഇത്തരത്തില്‍ കാലം അവശേഷിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളും ഉയര്‍ന്ന് തന്നെ 2018ലും നിന്നു.

മൂവായിരം കോടിയോളം രൂപ ചെലവിട്ടു നര്‍മദ നദിയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ 2018ലെ മറ്റൊരു കാഴ്ചയാണ്.

മൂന്ന് നേരത്തെ ആഹാരം ലക്ഷ്വറിയായ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കപ്പെട്ട പ്രതിമ പറയും ഇന്ത്യയിലെ ഭരണാധികാരികളുടെ കാഴ്ചപ്പാടിന്റെ ആഴം.

ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത ദീര്‍ഘ വീക്ഷണമില്ലാത്ത ആശയങ്ങളുടെയും,രാഷ്ട്രീയ നീക്കങ്ങളുടെയും ചവറ്റുകൂനയായി കൂടി 2018നെ അടയാള പെടുമ്പോള്‍ വിരല്‍ ചൂണ്ടപ്പെടുന്നത് അട്ടിമറിക്കപെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയും.പ്രതീക്ഷകള്‍ തുടങ്ങുന്നത് വരാനിരിക്കുന്ന കാലത്തിന്റെ തിരുത്തപ്പെടേണ്ട മുദ്രാവാക്യങ്ങളിലുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!