
പെരിന്തൽമണ്ണ : ടൗണിൽ പട്ടാമ്പി റോഡിലെ നാല് കടകളിൽ മോഷണം. ശനി രാത്രിയാണ് ഫെഡറൽ ബാങ്കിന് സമീപം പട്ടാമ്പി റോഡിൻ്റെ ഇരുഭാഗത്തുള്ള മെഡിക്കൽ ഷോപ്പ്, ബേക്കറി, ഫാൻസി, ഫ്രെയിംവർക്ക് കടകളിൽ മോഷണം നടന്നത്. മെഡിക്കൽ ഷോപ്പിൽ നിന്ന് 5000 രൂപ നഷ്ട പ്പെട്ടു.
കുന്നപ്പള്ളി പള്ളിപ്പുറത്ത് അബൂബക്കർ, കൊളക്കട ഉണ്ണീൻകുട്ടി എന്നിവരുടെ ഉടമസ്ഥതയിലുള്ള റോയൽ മെഡിക്കൽസിന്റെ ഷട്ടർ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്.
പുളിക്കാവ് പള്ളത്തൊടി മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള പിഎംഎച്ച് ബേക്കറിയിലും മോഷണം നടന്നു. ബേക്കറിയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടു.
കട്ടുപ്പാറ ചെമ്മല ആഷിക്കി ൻ്റെ അലങ്കാർ ഫ്രെയിം ഷോപ്പിലും മോഷ്‌ടാവ് കയറി മേശവലിപ്പ് പരിശോധിച്ചിട്ടുണ്ട്. പുളിങ്കാവ് പള്ളത്തൊടി മുഹമ്മദ് ഷാഫിയുടെ ഫാൻസി കടയുടെ ഷട്ടർ കമ്പിപ്പാരകൊണ്ട് ഉയർത്തി, മുൻഭാഗത്തെ ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. കമ്പിപ്പാരയും മറ്റൊരു ഇരുമ്പ് ആയുധവും കടയുടെ മുന്നിൽ നിന്ന് കണ്ടെടുത്തു. ഗ്ലാസ് പൊട്ടിച്ചതിൽ 15,000 രൂപയുടെ നഷ്ടം സംഭവിച്ചു.
പിഎംഎച്ച് ബേക്കറിയിലെ ജീവനക്കാരന്റെ ബൈക്ക് കടയ്ക്ക് സമീപം വച്ചിരുന്നു. ഈ ബൈക്കുമായാണ് കള്ളൻ കടന്നത്. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.




