
കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള മഞ്ഞക്കടവിൽ കൃഷിയിടത്തിലെ പൊട്ടക്കിണറ്റിൽ നാല് ദിവ സംമുമ്പ് വീണ് പൊത്തിലൊളിച്ച പുലി വനം വകുപ്പ് സ്ഥാപിച്ച കുട്ടിൽ കുടുങ്ങി. കൂട്ടിൽവച്ച കോഴിയെ ഭക്ഷിക്കാൻ എത്തിയ പുലി ഞായർ പുലർച്ചെ പന്ത്രണ്ടരയോടെയാണ് കൂട്ടിലായത്. പുലർച്ചെ മൂന്നോടെ കിണറ്റിൽനിന്ന് പുറത്തെടുത്ത പുലിയെ താമരശേരി റെയ്ഞ്ച് ഓഫീസിലേക്ക് മാറ്റി.
പുലിയുടെ പല്ലുകൾക്ക് പരിക്കുണ്ട്. ഇരതേടാൻ പ്രയാസമുള്ളതിനാൽ ഉടൻ കാട്ടിൽ വിടാൻ സാധ്യതയില്ല. പരിശോധനയിൽ കൂടുതൽ പരിക്ക് കണ്ടെത്തിയാൽ തൃശൂർ സുവോളജിക്കൽ പാർക്കിൽ നിരീക്ഷണത്തിലാക്കും. ചീഫ് വൈൽഡ് ലൈഫ് ഓഫീസറുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടി.
കുര്യാളശേരി കുര്യന്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത 35 അടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റിൽ കഴിഞ്ഞ ചൊവ്വ രാത്രിയാണ് പുലി അകപ്പെട്ടത്. വനംവകുപ്പ് കിണറ്റിൽ സ്ഥാപിച്ച കാമറയിൽ കഴിഞ്ഞദിവസം ദൃശ്യം പതിഞ്ഞതോടെയാണ് കിണറ്റിലുള്ളത് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
മുക്കം അഗ്നിരക്ഷാ സേനയുടെ ട്രൈപ്പോഡ് സ്റ്റാൻഡ്, റോപ്പ്, പുള്ളി സിസ്റ്റം എന്നിവ ഉപയോഗിച്ചാണ് കിണറ്റിലേക്ക് കൂട് ഇറക്കിയത്. വനം വകുപ്പിനൊപ്പം അഗ്നിരക്ഷാ സേനയും ചേർന്നാണ് കൂട് പുറത്തെടുത്തത്.




