Section

malabari-logo-mobile

കലോത്സവങ്ങളില്‍ ജയത്തിനുമപ്പുറം പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കണം: മന്ത്രി വി. അബ്ദുറഹിമാന്‍; റവന്യൂ ജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി

HIGHLIGHTS : Revenue District Art Festival kicked off

കലോത്സവങ്ങളില്‍ വിജയികളാവുക എന്നതിനേക്കാള്‍ പങ്കെടുക്കാന്‍ അവസം ലഭിക്കുക എന്നതാണ് വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഏറ്റവും പ്രധാനമെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തിരൂരില്‍ നടന്ന 33-മത് റവന്യു ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് നഷ്ടമായ കലാ മേളകളെ വീണ്ടെടുക്കുന്നതായിരുന്നു ഇത്തവണത്തെ ജില്ലാ കലോത്സവം. സംസ്ഥാന തല മത്സരങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള പ്രൊഫഷണല്‍ രീതികള്‍ അവലംബിച്ചത് മേളയെ മികവുറ്റതാക്കിയെന്നും മന്ത്രി പറഞ്ഞു. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്‌കൂളില്‍ കലോത്സവത്തില്‍ പങ്കെടുത്ത് മികച്ച നാടക നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ കാര്യവും മന്ത്രി സദസിനോട് പങ്കുവെച്ചു.

തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന വേദിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭ അധ്യക്ഷ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം ഷാഫി, ഫൈസല്‍ എശ്ശേരി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ അബ്ദുല്‍ സലാം, അഡ്വ. എസ്. ഗിരീഷ്, ടി. ബിജിത, സി. സുബൈദ, ഫാത്തിമത് സജ്ന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, തലക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ബാബു, നഗരസഭ കൗണ്‍സിലര്‍മാരായ സരോജ ദേവി, വി.പി ഹാരിസ്, ഐ.പി ഷാജിറ, വി. നന്ദന്‍, പി. ഷാനവാസ്, കെ. അബൂബക്കര്‍, നിര്‍മ്മല, ഡി.വൈ.എസ്.പി വി.വി ബെന്നി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, ഡി.ഇ.ഒമാരായ സൈതലവി മാങ്ങാട്ടുപറമ്പന്‍, ഉമ്മര്‍ എടപ്പറ്റ, എ.ഇ.ഒ പി. സുനിജ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എ ഗോപാലന്‍, ബി.പി.സി ബി.ആര്‍.സി ടി.വി ബാബു, വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ മിനികുമാരി, സി. രാമകൃഷ്ണന്‍, പ്രധാനാധ്യാപകരായ പി.കെ അബ്ദുല്‍ ജബ്ബാര്‍, സി.പി മുംതാസ്, എസ്. ത്യാഗരാജന്‍, കെ.എല്‍ ഷാജു, കെ. ഷീല, ഇ.ബി അജിത, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി പി.പി അബ്ദുറഹിമാന്‍, മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി നാസര്‍ എടരിക്കോട്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ യു.കെ മജീദ്, ആക്ട് പ്രതിനിധി കരീം മേച്ചേരി, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ എ.വി ഹരീഷ്, ഡോ. ഷാഹുല്‍ ഹമീദ്, ഇ.പി അലി അഷ്‌കര്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

തിരൂര്‍ ആതിഥേയത്വം വഹിച്ച 33-മത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് വര്‍ണാഭമായ പരിസമാപ്തി. നവംബര്‍ 28ന് തിരിതെളിഞ്ഞ കൗമാര കലോത്സവം അഞ്ചു ദിനങ്ങളായി തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഗേള്‍സ് ഹൈസ്‌കൂള്‍, കെഎച്ച്എംഎംഎസ് ആലത്തിയൂര്‍, പരിസരത്തുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായാണ് നടന്നത്. പ്രധാന വേദിയായ തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പടെ 16 വേദികളില്‍ മത്സരങ്ങള്‍ അരങ്ങേറി. 17 ഉപജില്ലകളില്‍ നിന്നായി 9560 മല്‍സരാര്‍ത്ഥികളും 309 മല്‍സരങ്ങളും അരങ്ങേറി. കോവിഡിന് ശേഷം മലപ്പുറത്ത് നടന്ന ആദ്യ ജില്ലാതല കലോത്സവമായിരുന്നു തിരൂരിലേത്.

തിരശ്ശീല ഉയര്‍ന്നതു മുതല്‍ അവസാന ദിനം വരെ വിവിധ വേദികളിലായി ഇഞ്ചോടിഞ്ച് പോരാടിയ യുവപ്രതിഭകള്‍ പ്രേഷകരില്‍ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ചു. വന്‍ ജനപങ്കാളിത്തവും സംഘാടന മികവും കലോത്സവത്തിന്റെ മാറ്റുകൂട്ടി. ജനകൂട്ടത്തെ നിയന്ത്രിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ട്രോമാകെയര്‍, പൊലീസ്, എന്‍ സി സി കേഡറ്റുകള്‍ സജീവമായിരുന്നു. സ്‌കൂളിനു മുന്നില്‍ ഗതാഗത സ്തംഭനമില്ലാതിരിക്കാനും വരുന്നവര്‍ക്ക് പ്രയാസമില്ലാതെ റോഡു മുറിച്ചു കടക്കുന്നതിനും ഇവരുടെ പ്രവര്‍ത്തനം സഹായകമായി.

തിരൂര്‍ എസ്എസ്എം പോളിയുടെ ഗ്രൗണ്ടിലൊരുക്കിയ കലോത്സവത്തിന്റെ ഊട്ടുപുര മറ്റൊരു സവിശേഷതയായിരുന്നു. 10 കൗണ്ടറുകളിലായി അഞ്ചു ദിവസം കൊണ്ട് 50,000 ലധികം പേര്‍ക്കിവിടെ ഭക്ഷണം വിളമ്പി. ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മിച്ച വിവിധ ഉല്‍പ്പന്നങ്ങളുമായി കുടുംബശ്രീ പ്രവര്‍ത്തകരും ,ആരോഗ്യ പരിശോധനയും ബോധവല്‍ക്കരണവുമായി മലപ്പുറം ആരോഗ്യ വകുപ്പും കലോത്സവ വേദികളില്‍ സജീവമായിരുന്നു.

കലാകാരികളും കലാകാരന്മാരും കലാസ്വാദകരും ഭാഷാപിതാവിന്റെ മണ്ണില്‍ താളം പിടിച്ച അഞ്ച് ദിനരാത്രങ്ങള്‍ക്ക് സമാപനം. സംസ്ഥാന കലോത്സവ വേദികളിലേക്ക് വഴിയൊരുക്കിയ ജില്ലയിലേക്ക് തന്നെ കിരീടം കൊണ്ടുവരുമെന്ന പ്രതീക്ഷയോടെയാണ് ഓരോ മത്സരാര്‍ത്ഥിയും തിരൂരിനോട് വിട പറഞ്ഞത്. കൗമാര പ്രതിഭകള്‍ തിരൂര്‍ എന്ന അക്ഷര നഗരിയെ വിവിധ കലാപ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ ദിനങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. ബോയ്‌സ് സ്‌കൂളിന് മുന്നിലൂടെയുള്ള ചമ്രവട്ടം-തിരൂര്‍ പാതയുടെ ഇരുവശങ്ങളിലൂടെയും വേദികളില്‍ നിന്നും വേദികളിലേക്ക് പ്രതിഭകള്‍ ആടയാഭരണങ്ങളോടെയും വേഷ വിധാനങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു. വെയിലും മഴയും കൊണ്ട് പ്രകൃതിയും അതിന്റെ വിവിധ ഭാവങ്ങള്‍ ഈ ദിനങ്ങളില്‍ പുറത്തെടുത്തുവെങ്കിലും സദസിന് യാതൊരു കൂസലുമുണ്ടായില്ല. കുച്ചിപ്പുടിയും ഒപ്പനയും തിരുവാതിരക്കളിയും നാടകവുമെല്ലാം നിറഞ്ഞ സദസ് ഏറ്റെടുത്തതോടെ കലാമേള ഏവരുടെയും ഓര്‍മകളുടെ പുസ്തകത്തില്‍ ഇടം നേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!