Section

malabari-logo-mobile

ഇടതുമുന്നണി സര്‍ക്കാരിന്റെ ചരിത്രപരമായ വിഡ്‌ഢിത്തമാണ്‌ സവര്‍ണ്ണ സംവരണം

HIGHLIGHTS : എഴുത്ത്‌ വി അബ്ദുല്‍ ലത്തീഫ്‌ ഇടതുപക്ഷമുന്നണി സർക്കാറിന്റെ ചരിത്രപരമായ വിഡ്ഢിത്തമാണ് വിദ്യാഭ്യാസത്തിലും തൊഴിലിലും ഏർപ്പെടുത്തിയിരിക്കുന്ന സവർണ്ണസംവ...

എഴുത്ത്‌ വി അബ്ദുല്‍ ലത്തീഫ്‌

ഇടതുപക്ഷമുന്നണി സർക്കാറിന്റെ ചരിത്രപരമായ വിഡ്ഢിത്തമാണ് വിദ്യാഭ്യാസത്തിലും തൊഴിലിലും ഏർപ്പെടുത്തിയിരിക്കുന്ന സവർണ്ണസംവരണം. മുഖ്യധാരകമ്യൂണിസ്റ്റു പാർട്ടികൾക്ക് ഇന്ത്യയിലെ ജാതി എന്ന സാമൂഹ്യസ്ഥാപനത്തിന്റെ രൌദ്രതയും മനുഷ്യവിരുദ്ധതയും ഇനിയും തിരിഞ്ഞിട്ടില്ല എന്നതിന്റെ അടയാളംകൂടിയാണ് ഈ തീരുമാനം. പാർട്ടികോൺഗ്രസ് പ്രമേയങ്ങളായും ഇം.എം.എസ്.അടക്കമുള്ള നേതാക്കളുടെ നിലപാടുകളായും ജാതിസാമുദായികസംവരണത്തിനെതിരെയുള്ള നിലപാട് സി.പി.ഐ.(എം) പണ്ടേ വ്യക്തമാക്കിയതാണ്. സമ്പത്തിന്റെ വിതരണം അടിസ്ഥാനമാക്കുന്ന വർഗ്ഗസിദ്ധാന്തംകൊണ്ട് ഇന്ത്യയിലെ ജാതിസമവാക്യത്തെ വിശദീകരിക്കാൻ കഴിയില്ല എന്ന് ഇന്നും കമ്യൂണിസ്റ്റുപാർട്ടിക്ക് മനസ്സിലായിട്ടില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. (മാർക്സിനുപോലും അദ്ദേഹത്തിന്റെ അവസാനകാലത്ത് അതേക്കുറിച്ചു ബോധ്യമുണ്ടായിരുന്നു) പണംകൊണ്ട് മറികടക്കാവുന്നതല്ല ഇന്ത്യയിലെ ജാതീയമായ പിന്നോക്കാവസ്ഥ. മതംമാറിയതുകൊണ്ടോ തൊഴിൽ ലഭിച്ചതുകൊണ്ടോപോലും അതിനെ മറികടക്കാനാവില്ല. ജാതിസംവരണംപോലും ജനാധിപത്യവ്യവസ്ഥയിൽ കേവലം അധികാരത്തിന്റെയും വിഭവങ്ങളുടെയും വിതരണത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള  ശ്രമം മാത്രമാണ്. വിദ്യാഭ്യാസത്തിലും തൊഴിലിലും ലഭിക്കുന്ന പങ്കാളിത്തം ക്രമേണ സംസ്കാരമൂലധനത്തിന്റെ വീണ്ടെടുപ്പിലേക്ക് നിർദ്ദിഷ്ടജനതയെ എത്തിച്ചേക്കും എന്ന ഭരണഘടനാശില്പികളുടെ പ്രതീക്ഷമാത്രമാണത്. സംവരണം എന്ന വഴിയല്ലാതെ പ്രായോഗികമായ മറ്റൊരു വഴി ഇതുവരെ നിർദ്ദേശിക്കപ്പെട്ടിട്ടുമില്ല. ഉണ്ടായിരുന്നു,1932 ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് പ്രഖ്യാപിച്ച  കമ്മ്യൂണൽ അവാർഡ് ആണത്. അംബേദ്കറുടെ ശക്തവും സയുക്തികവുമായ ഇടപെടലിലൂടെ വട്ടമേശസമ്മേളനത്തിൽ തീരുമാനമായ അതിനെ സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധിജി തന്നെ യെരാവാദ സത്യഗ്രഹത്തിലൂടെ അട്ടിമറിച്ചു. തത്ത്വത്തിൽ അതിനുള്ള നഷ്ടപരിഹാരംകൂടിയാണ് എല്ലാ മേഖലകളിലുമുള്ള സംവരണം. കമ്യൂണൽ അവാർഡ് അധികാരത്തിന്റെ പങ്കുവെക്കലാണ് നിർദ്ദേശിച്ചതെങ്കിൽ സംവരണം കേവലം ഔദാര്യം മാത്രമാണ്. ആ ഔദാര്യത്തിലാണ് ഇപ്പോൾ കമ്യൂണിസ്റ്റുപാർട്ടികൾ കൈവെച്ചിരിക്കുന്നത്.

sameeksha-malabarinews
ഇടതുസർക്കാറിന്റെ തീരുമാനത്തെ നീതീകരിക്കുന്ന ഒരു കണക്കുകളും ലഭ്യമല്ല. കേരളത്തിലെ സർക്കാർ തൊഴിൽ പ്രാതിനിധ്യത്തിൽ നായർമുതൽ മേലോട്ടുള്ള ജാതിവിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിന്റെ ഇരട്ടിയും അതിലധികവും പ്രാതിനിധ്യം ഇപ്പോഴുണ്ട്. സർക്കാർ ശമ്പളം നൽകുകയും സ്വകാര്യമാനേജുമെന്റുകൾ നിയന്ത്രിക്കുകയും ചെയ്യുന്ന ‘എയ്ഡഡ്’വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ദളിത് പ്രാതിനിധ്യം രണ്ടോ മൂന്നോ ശതമാനം മാത്രമാണ്. സാമ്പത്തികസംവരണം ആദ്യം ഏർപ്പാടാക്കിയ ദേവസ്വം ബോർഡിൽ മുന്നോക്കജാതി പങ്കാളിത്തം 97 ശതമാനമാണ്. അവിടേക്കാണ് ഇനി പത്തുശതമാനംകൂടി സവർണ്ണസംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ 10ശതമാനം എന്ന കണക്കിലും തട്ടിപ്പുണ്ട്. 50% മെരിറ്റ് 50% സംവരണം എന്നതാണ് നമ്മുടെ കണക്ക്. അതിൽ മെരിറ്റ് വിഭാഗത്തിനു നീക്കിവെച്ച 50%ത്തിൽനിന്ന് 10% മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൊടുക്കും എന്നാണ് പ്രഖ്യാപനം. അതായത് 100 വെച്ചുനോക്കിയാൽ 5 എണ്ണമാണ് ഉണ്ടാവുക. പക്ഷേ, നിർദ്ദിഷ്ട ചട്ടങ്ങൾപ്രകാരം ഇത് 10 ആയിരിക്കും. അതായത് മെരിറ്റുവിഭാഗങ്ങൾക്ക് നീക്കിവെച്ചതിൽ 20 ശതമാനം, അതായത് 50-ൽ 10-എണ്ണം സവർണ്ണവിഭാഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു.
ഇനി ദാരിദ്ര്യസ്ഥിതിയുടെ അളവുകോലായി നിർദ്ദേശിക്കപ്പെട്ട കണക്കുകൾ നോക്കിയാലോ അതും വിചിത്രം തന്നെ. കോർപ്പറേഷൻ ഏരിയയിൽ 50 സെന്റുവരെ ഭൂമിയുള്ള സവർണ്ണൻ ദരിദ്രനാണ്. മുനിസിപ്പാലിറ്റിയിൽ 75 സെന്റും പഞ്ചായത്തിൽ രണ്ടര ഏക്കറും ഭൂമിയുള്ളവരും മുന്നോക്കക്കാരനാണെങ്കിൽ ദരിദ്രനാകും. കുടുംബവാർഷികവരുമാനം എട്ടുലക്ഷം വരെയുള്ളവരും ദരിദ്രർ തന്നെ. സംവരണം സാമ്പത്തികസഹായമല്ല എന്നും സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള ശ്രമമാണെന്നും ഇടതുപാർട്ടികൾക്ക് ബോധ്യമാകുന്നില്ല എന്നത് അത്ഭുതകരമായി തോന്നുന്നു
മുന്നോക്കക്കാരിലെ ദാരിദ്ര്യസ്ഥിതി പ്രത്യക്ഷത്തിൽ വിശദീകരിക്കുന്ന സർവ്വേ റിപ്പോർട്ടുകളോ കമ്മീഷൻ കണക്കുകളോ ലഭ്യമല്ല. അധികാരം,ഭൂമിയുള്ള അവകാശം,തൊഴിൽ,വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ അവർ ഏറെ മുന്നിലാണെന്നു കണക്കുകൾ പറയുകയും ചെയ്യുന്നു. ആപേക്ഷികമായി വളരെ കുറവാണെങ്കിലും മുന്നോക്ക ജാതിവിഭാഗങ്ങളിലും ദരിദ്രരുണ്ട്. ഇന്ത്യയിലെ ഏതുജനവിഭാഗങ്ങളുടെ ദാരിദ്ര്യവും മാറ്റിയെടുക്കേണ്ടത് ക്ഷേമസർക്കാരുകളുടെ ഉത്തരവാദിത്തമായതുപോലെ ഇക്കാര്യത്തിലും സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിന് സംവരണമല്ല, സാമ്പത്തിക പാക്കേജുകളാണ് വേണ്ടത്. മറ്റൊരു കാര്യം സംവരണം സമുദായങ്ങളുടെ പ്രാതിനിധ്യത്തിനാണ് പ്രാധാന്യംകൊടുക്കുന്നത്, വ്യക്തികളെ ഉന്നംവെച്ചല്ല എന്നതാണ്. മാർക്കും റാങ്കും തന്നേക്കാൾ കുറഞ്ഞുനിന്നിട്ടും സംവരണവിഭാഗത്തിൽപ്പെട്ട അയൽക്കാരന് ജോലി കിട്ടുന്നു എന്ന പരിഭവം വ്യക്തിപരമാണ്. കഴിഞ്ഞ മുക്കാൽനൂറ്റാണ്ടുകാലത്തെ കേരളീയാനുഭവങ്ങളിൽ ഈ പരിഭവത്തിന് ന്യായമുണ്ട്. സമുദായങ്ങളെ ഒന്നിച്ചുകാണുന്നതിന്റെ കണക്കുകളും സാമൂഹ്യനീതിയെക്കുറിച്ചുള്ള ആശയങ്ങളും വ്യക്തികൾക്ക് ശരിയായി ബോധ്യപ്പെടില്ല എന്നത് ശരിയാണ്. സമൂഹത്തിന്റെ മേലടരിൽ ജീവിക്കുന്നവരായതുകൊണ്ട് കേരളത്തിലെ സവർണ്ണജാതിവിഭാഗങ്ങളിൽ ഇക്കാര്യത്തിലുള്ള പരിഭവം ഏറിയ അളവിൽ ദൃശ്യവുമാണ്. ലക്ഷംവീട് കോളനിയിൽ താമസിക്കുന്നവരുടെ ദാരിദ്ര്യത്തേക്കാൾ ‘ഫീലുണ്ട്’ സവർണ്ണജാതിവിഭാഗങ്ങളുടെ ദാരിദ്ര്യത്തിന്. വാർത്തകളായും സിനിമകളായും സാഹിത്യപരാമർശങ്ങളായും ആ ഫീൽ സ്ഥിരപ്പെട്ടിട്ടുമുണ്ട്. സാമൂഹ്യശാസ്ത്രദൃഷ്ട്യാ ഹെജിമണി സാധ്യമാക്കുന്ന ഒന്നുതന്നെയാണ് ഈ ദൃശ്യതയെങ്കിലും പ്രായോഗികജീവിതസന്ദർഭങ്ങളിൽ അതൊരു മൂർത്തയാഥാർത്ഥ്യമാണെന്നു വരും. ഈ അവസ്ഥ മാറ്റിയെടുക്കാനുള്ള സോഷ്യൽ എഞ്ചിനീയറിംഗ് ആണ് വികസിപ്പിക്കേണ്ടത്. ബോധവൽക്കരണവും സ്റ്റാറ്റിസ്റ്റിക്സും മാത്രം മതിയാകില്ല, മറിച്ച് സാമ്പത്തിക പാക്കേജുകളും സ്കോളർഷിപ്പുകളുമൊക്കെയാണ് വേണ്ടത്.
വയനാട്ടിലെ ആദിവാസിവിഭാഗങ്ങളിലെ കുട്ടികൾക്ക് സൌജന്യമായി സൈക്കിൾ നൽകുന്നത് മറ്റു വിദ്യാർത്ഥികളിൽ അസ്വസ്ഥതയുണ്ടാക്കുന്നു എന്ന് അധ്യാപകനായ ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. സൂക്ഷ്മമായി ഇടപെട്ട് മാറ്റിയെടുക്കേണ്ടതാണ് ഈ അസ്വസ്ഥത. ഈ അസ്വസ്ഥതയെ മറികടക്കാൻ പര്യാപ്തമായ ഒന്നല്ല സാമ്പത്തികസംവരണം. സൈദ്ധാന്തികമായി തെറ്റായതും കുറുക്കുവഴി തേടുന്നതുമായ സവർണ്ണസംവരണം എന്ന പരിപാടികൊണ്ട് പാർട്ടിയുടെ ബഹുജനപിന്തുണയിൽ വലിയ ഇടിച്ചിലുണ്ടാകാനാണ് സാധ്യത. സംവരണവിഭാഗങ്ങളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിനടുത്തെത്തിയ ഈഴവസമുദായംപോലും സാമൂഹികപദവിയിൽ ഇപ്പോഴും ‘ചോവാക്കൂതി മോൻ’ ആകുന്നതിന് സവർണ്ണസംവരണം മറുപടി തരുന്നുമില്ല.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!