Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഓട്ടിസത്തിന് പരിഹാരം കാണാന്‍ സീബ്രാ മത്സ്യങ്ങളില്‍ പഠനവുമായി കാലിക്കറ്റിലെ ഗവേഷകര്‍

HIGHLIGHTS : Calicut University News; Researchers in Calicut study zebrafish to find a solution to autism

ഓട്ടിസത്തിന് പരിഹാരം കാണാന്‍ സീബ്രാ മത്സ്യങ്ങളില്‍ പഠനവുമായി കാലിക്കറ്റിലെ ഗവേഷകര്‍

സീബ്രാ മത്സ്യങ്ങളിലെ ഗവേഷണം ഓട്ടിസം ചികിത്സക്ക് ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തേടി കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക സംഘം. ജന്തുശാസ്ത്ര പഠനവിഭാഗത്തില്‍ നടക്കുന്ന ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രമുഖ ശാസ്ത്ര ജേണലായ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ (എ.സി.എസ്. ഒമേഗ) പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

അശ്വതി ശിവരാമന്‍, രോഹിത് നന്ദകുമാര്‍, ഡോ. ബിനു രാമചന്ദ്രന്‍ എന്നിവരാണ് രണ്ടുവര്‍ഷത്തോളമായി സീബ്ര മത്സ്യങ്ങളില്‍ പഠനം നടത്തുന്നത്. ഡാനിയോ റെറിയോ എന്ന രണ്ടായിരത്തോളം സീബ്രാ മത്സ്യങ്ങളെ ഗവേഷണത്തിനായി കൊല്‍ക്കത്തിയില്‍ നിന്ന് എത്തിക്കുകയായിരുന്നു.

sameeksha-malabarinews

ഉയര്‍ന്ന പ്രദേശങ്ങളിലെ ശുദ്ധ ജലാശയങ്ങളില്‍ കൂട്ടമായി കഴിയുന്നതും പരമാവധി അഞ്ച് സെമീ. മാത്രം വലുപ്പം വെയ്ക്കുന്നതുമായ മത്സ്യമാണിത്. വയനാട്ടിലെ കബനീ നദിയില്‍ സീബ്രാമത്സ്യത്തെ കണ്ടെത്തിയിരുന്നു. ജനിതകമാറ്റത്തിലൂടെ പലനിറങ്ങളിലാക്കി അലങ്കാരമത്സ്യമായും ഇവയെ ഉപയോഗിക്കുന്നുണ്ട്.

മനുഷ്യനുമായി 80 ശതമാനം വരെ ജനിതക സാമ്യമുള്ള സീബ്രാമത്സ്യങ്ങളില്‍ ഓട്ടിസം, ക്യാന്‍സര്‍, അല്‍ഷിമേഴ്സ് തുടങ്ങി മനുഷ്യരിലുണ്ടാകുന്ന നൂറിലധികം അസുഖങ്ങള്‍ പുനഃസൃഷ്ടിക്കാനാകും.
സമൂഹമായി ജീവിക്കുന്ന ഈ മത്സ്യങ്ങളെ ഒറ്റക്ക് വളര്‍ത്തിയും പ്രതികൂല സാഹചര്യങ്ങള്‍ നല്‍കിയും നിരീക്ഷിച്ചാണ് പഠനം. ഓട്ടിസം ബാധിതരായ കുട്ടികള്‍ സാമൂഹ്യബന്ധങ്ങളില്‍ നിന്ന് അകലുന്നതിന്റെയും അവരുടെ പ്രതികരണങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്താനും പരിഹാരത്തിനും ഈ പഠനങ്ങളിലൂടെ സാധിക്കും. ന്യൂറോ ചികിത്സാ രംഗത്തുള്ള ആശുപത്രികളുമായി സഹകരിച്ച് ഗവേഷണപദ്ധതി വിപുലമാക്കാന്‍ ശ്രമമുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ. ബിനു രാമചന്ദ്രന്‍ പറഞ്ഞു.

ഒഴിവു സമയത്തെ കൃഷിയില്‍ നൂറുമേനി വിളയിച്ച്
കാമ്പസിലെ ശുചീകരണത്തൊഴിലാളികള്‍

കാമ്പസ് ശുചീകരണത്തിനായി നിയോഗിക്കപ്പെട്ട തൊഴിലാളികള്‍ ഒഴിവുസമയത്ത് കാമ്പസ് ഭൂമിയില്‍ നടത്തിയ മധുരക്കിഴങ്ങ് കൃഷി വിളവെടുത്തു. കാമ്പസിലെ ഹരിത കമ്മിറ്റിക്ക് കീഴിലുള്ള ഹൗസ് കീപ്പിങ്ങ് തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ മധുരക്കിഴങ്ങിന്റെ വില്പന ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. മ്യൂസിയം പരിസരത്തായി ഒഴിവു സമയത്താണ് കൃഷി നടത്തിയത്. ഒന്നരക്കിലോക്ക് അമ്പത് രൂപാ നിരക്കിലാണ് വിറ്റത്. അമ്പത് കിലോയോളം മധുരക്കിഴങ്ങ് കുറഞ്ഞ സമയം കൊണ്ട് ചെലവായി. തുക സര്‍വകലാശാലാ ഫണ്ടിലേക്ക് അടയ്ക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ഇവര്‍ തന്നെ നട്ടുവളര്‍ത്തിയ കപ്പ, വാഴ എന്നിവയെല്ലാം വിളവെടുപ്പിന് ഒരുങ്ങിയിട്ടുണ്ട്.
ഹരിത കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍, അംഗം ഡോ. ടി. വസുമതി, സെക്ഷന്‍ ഓഫീസര്‍ മുരുകന്‍ പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ 21-ന്

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന 2021-22 വര്‍ഷത്തെ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ 21-ന് നടക്കും. അന്തര്‍സര്‍വകലാശാലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സ്‌പോര്‍ട്‌സ് കിറ്റും മികച്ച കോളേജിനുള്ള ക്യാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും. കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. രാജ്യസഭാംഗമായ പി.ടി. ഉഷയെ ചടങ്ങില്‍ ആദരിക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിണ്ടിക്കേറ്റ് അംഗങ്ങളും കായികരംഗത്തെ പ്രമുഖരും പങ്കെടുക്കും. ചടങ്ങിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബികോം/ബിബിഎ(സിബിസിഎസ്എസ് റഗുലര്‍, സിയുസിബിസിഎസ്എസ് സപ്ലിമെന്ററി  ഏപ്രില്‍ 2022/2021/2020 പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2018 റഗുലര്‍ പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ സി.സി.എസ്.ഐ.ടി വടകര സെന്ററില്‍ ബിസിഎ, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് നവംബര്‍ അഞ്ചിന് നാല് മണിക്ക് മുമ്പ് ലേറ്റ് രജിസ്‌ട്രേഷന്‍ നടത്തി പ്രവേശനം നേടാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആവശ്യമില്ല.  ഫോണ്‍ 9447150936, 9446993188.

പരീക്ഷ പുനക്രമീകരിച്ചു

സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ സിസിഎസ്എസ് പിജി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷ നവംബര്‍  14 -ന് ആരംഭിക്കും.

പരീക്ഷ

കോളേജുകള്‍/വിദൂരവിദ്യാഭ്യാസ വിഭാഗം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2017 & 2018 പ്രവേശനം  ബിഎ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബിസിഎ/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ/ഓപണ്‍കോഴ്‌സ് (സിയുസിബിസിഎസ്എസ്-യുജി) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷ  നവംബര്‍ 21ന് ആരംഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!