Section

malabari-logo-mobile

സൈലന്റ് വാലിയില്‍ നിന്ന് പുതിയ നാല് രത്‌ന വണ്ടുകള്‍ കണ്ടെത്തി കാലിക്കറ്റിലെ ഗവേഷകര്‍

HIGHLIGHTS : Researchers in Calicut have discovered four new gem beetles in the Silent Valley

Abstract1.cdr

തേഞ്ഞിപ്പലം: രത്‌ന വണ്ടുകളുടെ (ബ്യൂപ്രെസ്റ്റിഡെ) കുടുംബത്തിലേക്ക് സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ നിന്ന് നാല് പുതിയ ഇനങ്ങള്‍ കൂടി. കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര വിഭാഗം അസോ. പ്രൊഫസര്‍ ഡോ. വൈ. ഷിബുവര്‍ധനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ കണ്ടെത്തിയത്.

യു.ജി.സിയുടെ പ്രത്യേക സഹായ പരിപാടിയുടെ (എസ്.എ.പി.) ധനസഹായമുപയോഗിച്ച് കേരളത്തിലെ തിരഞ്ഞെടുത്ത സംരക്ഷിത വനമേഖല കേന്ദ്രീകരിച്ചുള്ള പഠനം കണ്ടെത്തലിന് വഴിയൊരുക്കുകയായിരുന്നു. ഗവേഷണ വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി എസ്. സീന, പാലക്കാട് നിന്നുള്ള പി.പി. ആനന്ദ് എന്നിവരാണ് പഠനസംഘത്തിലെ മറ്റുള്ളവര്‍. അത്യാകര്‍ഷകമായ വര്‍ണങ്ങളും ബാഹ്യഘടനയുമുള്ള നിരവധി സ്പീഷീസുകളുള്ള കുടുംബമാണ് ബ്യൂപ്രെസ്റ്റിഡെ. പ്രകാശത്തെ വ്യത്യസ്ത രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതാണ് ഇവയുടെ പുറന്തോടിന്റെ ഘടന കാരണമാണ് ഈ കുടുംബത്തിലുള്ളവയെ രത്‌ന വണ്ടുകള്‍ എന്നു വിളിക്കുന്നത്. അഗ്രില്ലസ് ജനുസ്സിലെ അഗ്രില്ലസ് വിറ്റാമാണീ സ്പീഷീസിലാണ് പുതിയ നാല് വണ്ടിനങ്ങള്‍ വരുന്നത്.

sameeksha-malabarinews

ഇതുവരെ ലോകത്താകമാനം ആറ് സ്പീഷീസുകളെ ഈ ഗ്രൂപ്പില്‍ നിന്നു കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. ഷിബുവര്‍ധനന്‍ പറഞ്ഞു. അതില്‍ രണ്ടെണ്ണം ദക്ഷിണേന്ത്യയില്‍ പ്രാദേശികമായി കാണുന്നവയാണ്. നാല് മില്ലിമീറ്ററില്‍ താഴെയാണ് വലുപ്പം. അഗ്രില്ലസ് കേരളന്‍സിസ്, അഗ്രില്ലന്‍സ് പാലക്കാടന്‍സിസ്, അഗ്രില്ലസ് സഹ്യാദ്രിയന്‍സിസ്, അഗ്രില്ലന്‍സ് സൈലന്റ് വാലിയന്‍സിസ് എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ജേണല്‍ ഓഫ് ഏഷ്യ പസഫിക് എന്റമോളജിയുടെ പുതിയ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രത്‌ന വണ്ടുകളില്‍ കുറച്ചെണ്ണത്തെ മാത്രമേ കീടങ്ങളായി കണക്കാക്കിയിട്ടുള്ളൂ. മരത്തടികള്‍ ജീര്‍ണിക്കുന്നതിന് സഹായിക്കുന്നവയാണ് കൂടുതലും. ആഴത്തിലുള്ള പഠനത്തിലൂടെ മാത്രമേ രത്‌ന വണ്ടുകളുടെ ജൈവ വൈവിധ്യം മനസ്സിലാക്കാനാകൂ. പ്രകാശ പ്രതിഫലനത്തിന്റെ ആഴത്തിലുള്ള പഠനങ്ങള്‍ രത്‌ന നിര്‍മാണ മേഖലയിലും ഫോട്ടോണിക് വസ്തുക്കള്‍ രൂപകല്പന ചെയ്യുന്നതിലും സഹായകമാകുമെന്ന് ഡോ. ഷിബുവര്‍ധനന്‍ അഭിപ്രായപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!