പോത്തിന് മുന്നില്‍പ്പെട്ട രണ്ടര വയസ്സുകാരിയെ രക്ഷിച്ചു; വിദ്യാര്‍ത്ഥിക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

വടകര: വിരണ്ടോടിയ പോത്തിനു മുന്നില്‍ അകപ്പെട്ട രണ്ടര വയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥിക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം. കടമേരി കീരിങ്ങാടി താഴെ നുപ്പറ്റ ഷാനിസ് അബ്ദുല്ലയാണ്(13) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചെല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന 75000 രൂപയുടെ ദേശീയ അവാര്‍ഡിന്(അഭിമന്യൂ അവാര്‍ഡ്) അര്‍ഹനായത്. കേരളത്തില്‍ നിന്ന് 5 കുട്ടികളാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. കടമേരി ആര്‍എസിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാനിസ് അബ്ദുല്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം.

കടമേരി യുപി സ്‌കൂളില്‍ 7 -ാംക്ലാസില്‍ പഠിക്കുകയായിരുന്ന ഷാനിസും, സഹോദരി തന്‍സിഹ ഷെറിന്റെ രണ്ടു ചെറിയ കുട്ടികളും വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് വിരണ്ടോടിയ പോത്ത് ആക്രമിക്കാന്‍ എത്തിയത്. വഴിനീളെയുള്ള ആക്രമണത്തില്‍ ഒരു കൊമ്പ് നഷ്ടപ്പെട്ട് ചോര വാര്‍ന്ന് എത്തിയ പോത്ത് രണ്ടര വയസ്സുകാരിയായ ഹനൂനയെ ആക്രമിക്കുകയായിരുന്നു.

അതുകണ്ട് ഷാനിസ് പോത്തിനെ ബലമായി പിടിച്ചുമാറ്റി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുഞ്ഞ് പരുക്കില്ലാതെ രക്ഷപ്പെട്ടു.സംസ്ഥാന ശിശുക്ഷേമ സമിതി മുഖേന കടമേരി ആര്‍എസി സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. കടമേരി കീരിയങ്ങാടി ടി.എന്‍.അബ്ദുല്‍ അസീസിന്റെയും സുഹ്‌റയുടെയും മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് തസ്‌ലിം, തന്‍സിഹ ഷെറിന്‍.

 

Share news
error: Content is protected !!
Scroll to Top