പൊന്നാനി : രാജ്യതലസ്ഥാനം ഡല്‍ഹി നഗരത്തെ കര്‍ഷക സമരകാലത്ത് കീഴടക്കിയ ട്രാക്ടറുകളുടെ മാതൃകയിലുള്ള കളിപ്പാട്ടങ്ങള്‍ പൊന്നാനിയിലെ വഴിയോര വിപണി കീഴടക്കുന്നു. നാടിന്റെ നാനാ ഭാഗങ്ങളില്‍ ട്രാക്ടര്‍ കളിപ്പാട്ടങ്ങളുമായി ഉത്തരേന്ത്യയില്‍ നിന്നുള്ള നിരവധി സംഘങ്ങളാണ് ഇതിനകം എത്തിയത്. രാജസ്ഥാന്‍ സ്വദേശികളാണ് വിപണക്കാരില്‍ ഏറെയും. ഓരോ സീസണിലും വ്യത്യസ്ത കളിപ്പാട്ടങ്ങളുമായി വിവിധ നാടുകളില്‍ പര്യടനം നടത്തുന്ന ഇവര്‍.
കര്‍ഷക സമരത്തിന് ശേഷം ട്രാക്ടര്‍ കളിപ്പാട്ടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഫൈബര്‍ മേത്തരം ഇരുമ്പ് കമ്പികളും ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ട്രാക്ടര്‍ കളിപ്പാട്ടങ്ങള്‍ക്ക് 300 രൂപ മുതല്‍ 350 രൂപ വരെയാണ് ഇവര്‍ വില്‍ക്കുന്നത്. ട്രാക്ടറിന്റെ ബലവും കരുത്തും ബോധ്യപ്പെടുത്താന്‍ അവകള്‍ക്ക് മുകളില്‍ കയറി നിന്ന് ഇരുമ്പ് മെറ്റീരിയലിന്റെ ശക്തി ഉപഭോക്താക്കള്‍ക്കു മുന്നില്‍ ഉറപ്പുവരുത്തുന്നു മുണ്ട് ഇവര്‍. കുട്ടികള്‍ക്ക് കളിക്കാന്‍ എന്നതിലുപരി ഷോക്കേസുകളിലും പൂന്തോട്ടങ്ങളും വയ്ക്കാനാണ് ആളുകള്‍ ഇവ കൂടുതലായും വാങ്ങുന്നത്.
മുന്‍പ് മണ്ണ് മാന്തി യന്ത്രങ്ങള്‍ ലോറികള്‍ തുടങ്ങിയ മോഡലുകളുമായും എത്തിയിട്ടുണ്ടെങ്കിലും ട്രാക്ടറിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍. ട്രാക്ടറിന്റെയും ഇതില്‍ ഘടിപ്പിച്ച ട്രോളിയും ഉള്‍പ്പെടുന്ന കളിപ്പാട്ടമാണ് വിപണിയിലുള്ളത്.
സാധാരണ കളിപ്പാട്ടങ്ങളെ അപേക്ഷിച്ച് ട്രാക്ടറിന്റെ തനത് മോഡലുകളിലാണ് ഇവയുടെ നിര്‍മാണം. നിര്‍മ്മാണ കമ്പനികളില്‍ നിന്ന് കളിപ്പാട്ടങ്ങളുടെ ലോഡുമായി എത്തി പാതയോരങ്ങളിലെ വിപണി കയ്യടക്കുകയാണ് ഈ സംഘം. പൊന്നാനി, കുറ്റിപ്പുറം , എറണാകുളം ഹൈവേ പരിസരത്ത് കഴിഞ്ഞദിവസം കച്ചവടത്തിനെത്തിയ സംഘത്തിന്റെ പക്കല്‍നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ വഴിയാത്രക്കാരുടെ കൗതുകപൂര്‍വ്വം ഉള്ള തിരക്കായിരുന്നു.





