ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയ അട്ടപ്പാടി സ്വദേശി അറസ്റ്റില്‍

പാലക്കാട്: ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയയാള്‍ അറസ്റ്റില്‍. അട്ടപ്പാടി കള്ളമല സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ കലാപാഹ്വാനം നടത്തുന്ന വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. ട്രംപ് തിരികെ പോകുമ്പോള്‍ കാണിച്ച് തരാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

ഡിവൈഎഫ്‌ഐ മേഖല കമ്മറ്റിയുടെ പരാതിയെ തുടര്‍ന്ന് അഗളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് ഇയാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരത്തെ അറിയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top