Section

malabari-logo-mobile

റിസപ്ഷനിസ്റ്റായ യുവതിയെ കനാലില്‍ തള്ളിയിട്ട് കൊന്ന സംഭവം: മൃതദേഹം കണ്ടെത്തി;യുവാവ് അറസ്റ്റില്‍

HIGHLIGHTS : Receptionist killed by being pushed into canal: Body found; BJP leader's son arrested

ഉത്തരാഖണ്ഡില്‍ റിസപ്ഷനിസ്റ്റായ യുവതിയെ കനാലില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചില്ലയിലെ പവര്‍ ഹൗസിന് സമീപത്ത് നിന്നാണ് 19 കാരി റിസപ്ഷനിസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത് . മുന്‍ മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടസ്ഥയിലുള്ള സ്വകാര്യ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു 19 കാരിയായ അങ്കിത ഭണ്ഡാരി. വെള്ളിയാഴ്ച പുല്‍കിത് അടക്കം മൂന്ന് പേരെ പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലപാതകം ചെയ്തതായി പുല്‍കിത് സമ്മതിച്ചു.

പ്രതികളുടെ ലൈംഗിക താല്‍പര്യത്തിന് അങ്കിത വഴങ്ങാഞ്ഞതാണ് വാക്കുതര്‍ക്കത്തിനിടയാക്കിയത്. ഇതോടെ മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സഹായത്തോടെയാണ് മൃതദേഹത്തിനായുള്ള തെരച്ചില്‍ നടത്തിയത്. ഒടുവില്‍ മൃതദേഹം ചില്ലയിലെ പമ്പ് ഹൗസിന് സമീപം കണ്ടെത്തുകയായിരുന്നു. അതേസമയം കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിഐജിയുടെ നേതൃത്വത്തില്‍ ഉള്ള സംഘം കേസ് അന്വേഷിക്കും.

sameeksha-malabarinews

ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ അങ്കിതയെ അഞ്ച് ദിവസമായി കാണാതായതോടെയാണ് തുടക്കം. അങ്കിതയെ കാണാനില്ലെന്ന് സെപ്റ്റംബര്‍ 18-നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ സെപ്റ്റംബര്‍ 21ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോയിരുന്നു. റിസോര്‍ട്ടിലെത്തുന്ന അതിഥികള്‍ക്കായും തനിക്ക് വേണ്ടിയും വഴങ്ങണമെന്ന് പുല്‍കിത് അങ്കിതയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് അങ്കിത തയ്യാറായില്ല. നിരന്തരം ഇതേ കാര്യം ആവശ്യപ്പെട്ടതോടെ അങ്കിത വിവരം മറ്റ് ജീവനക്കാരെ അറിയിച്ചു. ഇതും പ്രതികള്‍ക്ക് വൈരാഗ്യം വര്‍ധിപ്പിച്ചു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ പ്രതികള്‍ മദ്യപിച്ചിരുന്നു. പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ അങ്കിതയെ റിസോര്‍ട്ടില്‍ നിന്ന് കനാലിനടുത്ത് എത്തിച്ചത്. കൃത്യം നടന്ന ശേഷം പ്രതികള്‍ റിസോര്‍ട്ടിലേക്ക് മടങ്ങി. അന്നു തന്നെ മൂവരും ഹരിദ്വാറിലേക്ക് പോയി. അവിടെ നിന്ന് റിസോര്‍ട്ടില്‍ വിളിച്ച് അങ്കിതയെ അന്വേഷിച്ചു. ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അലീബി ഉണ്ടാക്കാനായിരുന്നെന്നും പൊലീസ് പറഞ്ഞു. അങ്കിതയെ കാണാനില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് പുല്‍കിത് നേരിട്ട് പൊലീസിനെ വിളിച്ച് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!