Section

malabari-logo-mobile

വായനാദിനത്തില്‍ പരപ്പനങ്ങാടി നവജീവന്‍ വായനശാലക്കൊപ്പം

HIGHLIGHTS : ദേശീയ പ്രസ്ഥാനത്തിന്റേയും സ്വാതന്ത്ര്യ സമരത്തിന്റേയും ഭാഗമായി വായന ഒരു സംസ്‌കാരമായി ഉയര്‍ന്നുവരികയുണ്ടായി. കേരളത്തില്‍ സംഘടിത രൂപത്തില്‍ ഗ്രന്ഥശാല ...

ദേശീയ പ്രസ്ഥാനത്തിന്റേയും സ്വാതന്ത്ര്യ സമരത്തിന്റേയും ഭാഗമായി വായന ഒരു സംസ്‌കാരമായി ഉയര്‍ന്നുവരികയുണ്ടായി. കേരളത്തില്‍ സംഘടിത രൂപത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനം ഉയര്‍ന്നു വരുന്നതിന് മുന്‍പുതന്നെ ഗ്രന്ഥശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചു എങ്കിലും അതിന് ഒരു ഏകീകൃത രൂപം നല്‍കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പി.എന്‍.പണിക്കര്‍. ദീര്‍ഘകാലം ഗ്രന്ഥശാല പ്രസ്ഥാനത്തിന് അമരക്കാരനായി പ്രവര്‍ത്തിച്ചുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം ഗ്രന്ഥശാലകള്‍ക്ക് ഉണര്‍വും ഊര്‍ജ്ജവും നല്‍കിയ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് ജൂണ്‍ 19 വായനാദിനമായി ആരംഭിക്കുന്നത്.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരപ്പനങ്ങാടിയില്‍ നവജീവന്‍ വായനശാലയും പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.
1951 ല്‍ സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന യജ്ഞ മൂര്‍ത്തി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് പരപ്പനങ്ങാടി തിരൂര്‍ റോഡില്‍ പുത്തന്‍പീടിക പ്രദേശത്ത് നവജീവന്‍ വായനശാല പ്രവര്‍ത്തനമാരംഭിക്കുന്നത്. അദ്ദേഹം തന്നെയായിരുന്നു വായനശാലയുടെ പ്രഥമ പ്രസിഡണ്ടും.
ഒരു പ്രദേശത്തെയാകെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നതില്‍ അന്നും ഇന്നും നവജീവന്‍ വായനശാല സുപ്രധാന പങ്ക് വഹിച്ചു പോരുന്നു.
വായന ഒരു സംസ്‌കാരവും സംസ്‌കൃതിയുമായി തീര്‍ന്ന പ്രദേശമായി പിന്നീട് പുത്തന്‍പീടിക മാറുകയുണ്ടായി.
നിരവധി ആളുകളുടെ അക്ഷീണമായ പ്രവര്‍ത്തനങ്ങളുടെ ചിന്തയും ഊര്‍ജ്ജവും വായനശാലക്ക് ഒപ്പമുണ്ടായിരുന്നു.
അതില്‍ പ്രധാന വ്യക്തിത്വങ്ങള്‍ ആയിരുന്നു ടി. നാരായണന്‍കുട്ടി, ടി. രാമകൃഷ്ണന്‍, ആലത്തിയൂര്‍ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, കൃഷ്ണന്‍ നമ്പീശന്‍, എം. പി അബ്ദുള്ള, വി.ശിവശങ്കരന്‍, ടി.കെ.അരവിന്ദന്‍ തുടങ്ങിയവര്‍…
സ്വന്തമായ നിലയില്‍ ഭൂമിയും കെട്ടിടവും എന്ന അവസ്ഥയിലേക്ക് വായനശാല വളര്‍ന്നു. ഒപ്പം പുസ്തകങ്ങളുടെ ശേഖരവും.ഇന്ന് ഏകദേശം 13000ത്തില്‍പരം പുസ്തകങ്ങള്‍ നവജീവന്‍ വായനശാലയില്‍ ഉണ്ട്.
റഫറന്‍സ് ഗ്രന്ഥാലയം പ്രത്യേകമായി തന്നെ പ്രവര്‍ത്തിച്ചുവരുന്നു.
കുട്ടികളുടെ പുസ്തകങ്ങളുടെയും ഇംഗ്ലീഷ് പുസ്തകങ്ങളുടെയും വിപുലമായ ശേഖരം തന്നെ ഇപ്പോള്‍ നവജീവനിലുണ്ട്. പുതിയ കാലത്തെ കുട്ടികള്‍ കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങള്‍ അന്വേഷിച്ചു വരുന്നതായി സംഘാടകര്‍ പറഞ്ഞു.

കേവലം ഒരു വായനശാല എന്നതിനപ്പുറം പ്രദേശത്തെ പ്രമുഖ സംസ്‌കാരിക കേന്ദ്രമായി മാറാന്‍ ഇന്ന് വായനശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ബാലവേദി, ഫിലിം ക്ലബ്ബ്, വനിതാവേദി, വയോജന വേദി, യുവത, സാംസ്‌ക്കാരിക വേദി എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അനുബന്ധമായി വായനശാലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒരു കാലത്തെ നാടക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയായിരുന്നു നവജീവന്‍ വായനശാല.

sameeksha-malabarinews

പഴയ കാലങ്ങളില്‍ നിന്നും പുതിയ കാലത്തിന്റെ കുതിപ്പിനും കിതപ്പും ഒപ്പമുണ്ട് നവജീവന്‍ വായനശാലയും.

സാമ്പത്തിക പ്രതിസന്ധികള്‍ ഗ്രന്ഥശാലകളുടെ പ്രയാണങ്ങളെ പിന്നോട്ടടിക്കുമ്പോള്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് പുതിയകാലത്ത് സജീവത നിലനിര്‍ത്തുകയാണ് നവജീവന്‍.
കേരളത്തിലെ തന്നെ എണ്ണംപറഞ്ഞ ശ്രദ്ധേയമായ വായനശാലകള്‍ക്ക് ഒപ്പം തന്നെയുണ്ട് പരപ്പനങ്ങാടി യുടെ ഈ പ്രിയ വായനശാല.

ഇപ്പോള്‍ മാസത്തില്‍ ഏകദേശം 5 പുതിയ മെമ്പര്‍ഷിപ്പ് എങ്കിലും ചേര്‍ക്കപ്പെടുന്നുണ്ടെന്ന് വായനശാല പ്രവര്‍ത്തകര്‍ അറിയിക്കുകയുണ്ടായി.
അതിലും കൂടുതലും കുട്ടികള്‍ ആണ് എന്നത് വായനയുടെ വസന്തകാലം അവസാനിച്ചിട്ടില്ല എന്നതിന്റെ തെളിവായും പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

നവജീവന്‍ വായനശാലക്ക് ഇപ്പോള്‍ www.navajeevanvayanasala.com
എന്ന് പേരില്‍ വെബ്‌സൈറ്റ് ഉണ്ട്. മാത്രവുമല്ല പുസ്തകങ്ങളുടെ വിവരങ്ങളടങ്ങിയ നവജീവന്‍ ആപ്പ് ഈ വായനശാലയുടെ ഒരു പ്രത്യേകതയാണ്.

എല്ലാ വര്‍ഷവും നടത്തിവരുന്ന നവജീവന്‍ – യജ്ഞ മൂര്‍ത്തി അഖിലകേരള ക്വിസ് മത്സരം, നാടകപ്രവര്‍ത്തകന്‍ വി. ശിവശങ്കരന്റെ സ്മരണാര്‍ത്ഥം അഖിലകേരള അടിസ്ഥാനത്തില്‍ നടത്തുന്ന ഏകപാത്ര അഭിനയ മത്സരം, സി.പി.കുഞ്ഞപ്പേട്ടന്റെ സ്മരണാര്‍ത്ഥം കുട്ടികള്‍ക്കായുള്ള വായനാ നിധി, ഗാന്ധി സ്മൃതി ക്വിസ് മത്സരം എന്നിവ വായനശാലയുടെ എടുത്തുപറയാവുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രമാണ്.

വനിതാവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ത്രീ ശക്തീകരണ പ്രവര്‍ത്തനങ്ങള്‍,
ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശനങ്ങളും ആനന്ദം ടീ സ്റ്റാള്‍ എന്ന സീരീസ് പ്രോഗ്രാം, യുവതയുടെ നേതൃത്വത്തില്‍ കായിക മത്സരങ്ങള്‍, സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസരംഗത്തെ ഇടപെടലുകള്‍ എന്നിങ്ങനെ നിത്യേന എന്നോണമുഉള്ള പ്രവര്‍ത്തനങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട് ഈ വായനശാല കൊപ്പം.
ഈ കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന കേന്ദ്ര സൗകര്യം ഒരുക്കിക്കൊണ്ട് നവജീവന്‍ വായനശാല നമുക്കിടയിലുണ്ട്, വായനയുടെ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട്…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!